Posted By Nazia Staff Editor Posted On

international universities to open in Dubai:ഇനി ദുബൈയിലേക്ക് ജോലിക്ക് വേണ്ടി മാത്രമല്ല പഠിക്കാനും പറക്കും; തുറക്കുന്നത് ഐഐഎം അഹമ്മദാബാദ് ഉള്‍പ്പെടെ മൂന്ന് വമ്പന്‍ കാംപസുകള്‍

international universities to open in Dubai;ദുബൈ: ആഗോള തലത്തില്‍ ശ്രദ്ധേയമായ മൂന്നു സര്‍വകലാശാലകളെ സ്വാഗതം ചെയ്യാന്‍ തയാറെടുത്ത് ദുബൈ. രാജ്യാന്തര വിദ്യാഭ്യാസ ഹബ്ബന്ന സ്ഥാനം കൂടുതല്‍ ഉറപ്പിച്ചാണ് എമിറേറ്റ് 2025’26 അധ്യയന വര്‍ഷത്തില്‍ ഈ നേട്ടത്തിലേക്ക് കുതിക്കുന്നത്. ഇന്ത്യയിലെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അഹമ്മദാബാദ് (Indian Institute of Management Ahmedabad) ഐ.ഐ.എം), ലബനാനിലെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂത്ത് (American University of Beirut (AUB), സഊദി അറേബ്യയില്‍ നിന്നുള്ള ഫകീഹ് കോളജ് ഫോര്‍ മെഡിക്കല്‍ സയന്‍സസ് (Fakeeh College for Medical Sciences from Saudi Arabia) എന്നിവയാണ് എമിറേറ്റില്‍ കാംപസുകള്‍ സ്ഥാപിക്കുകയെന്ന് ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (Dubai Knowledge and Human Development Authority (KHDA) അറിയിച്ചു.

ആഗോള തലത്തില്‍ 27ാം റാങ്കുള്ള ഐ.ഐ.എം അഹമ്മദാബാദ് 

ക്യു.എസ് വേള്‍ഡ് യൂനിവേഴ്‌സിറ്റി റാങ്കിങ്ങിലെ വിഷയ പ്രാധാന്യമനുസരിച്ച് ഐ.ഐ.എം അഹമ്മദാബാദിന്റെ ബിസിനസ് ആന്‍ഡ് മാനേജ്‌മെന്റ് പ്രോഗ്രാം നിലവില്‍ ആഗോള തലത്തില്‍ 27ാം സ്ഥാനത്താണുള്ളത്. എ.യു.ബി 237ാം സ്ഥാനത്താണ്.
ദുബൈ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗീകരിച്ച, മികച്ച ആഗോള സര്‍വകലാശാലകളെ ആകര്‍ഷിക്കാനുള്ള സംരംഭം എമിറേറ്റിന്റെ അന്താരാഷ്ട്ര നിലവാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ദുബൈയെ ഒരാഗോള ലീഡറായും, വിദ്യാര്‍ഥികള്‍ക്കും അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മികച്ച ലക്ഷ്യസ്ഥാനമായും സ്ഥാപിക്കാനാവശ്യമായ എല്ലാ വിഭവങ്ങളും ദുബൈയുടെ ദീര്‍ഘ വീക്ഷണമുള്ള ഭരണ നേതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും കെ.എച്ച്.ഡി.എയിലെ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് സെക്ടര്‍ സി.ഇ.ഒ ഡോ. വാഫി ദാവൂദ് പറഞ്ഞു. പ്രധാന സര്‍വകലാശാലകളില്‍ നിന്ന് ദുബൈയില്‍ കാംപസുകള്‍ തുറക്കാന്‍ ശക്തമായ താല്‍പര്യമാണുള്ളത്. അവയില്‍ പലതും ചര്‍ച്ചകളിലോ, അന്തിമ അംഗീകാരം കാത്തിരിക്കുന്നതോ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

ദുബൈ ‘എജുക്കേഷന്‍ 33 സ്ട്രാറ്റജി’

ഈ സംരംഭം ദുബൈ സാമ്പത്തിക അജണ്ട ഡി 33ന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങളുമായും, ദുബൈയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനായുള്ള പരിവര്‍ത്തനാത്മക ദര്‍ശനത്തെ പ്രതിനിധീകരിക്കുന്ന ‘എജുക്കേഷന്‍ 33 സ്ട്രാറ്റജി’യുമായും യോജിക്കുന്നു. ദുബൈയിലെ ബിരുദധാരികളുടെ ആഗോള മത്സര ശേഷി വര്‍ധിപ്പിക്കുക, 2033 ആകുമ്പോഴേക്കും വിദ്യാഭ്യാസ ടൂറിസം പത്തിരട്ടി വര്‍ധിപ്പിക്കുക, തൊഴില്‍ ശക്തിയിലേക്കും ഭാവി മേഖലകളിലേക്കും പുതിയ തലമുറകളെ സംയോജിപ്പിക്കുക, അടുത്ത ദശകത്തില്‍ ദുബൈയുടെ സമ്പദ് വ്യവസ്ഥ ഇരട്ടിയാക്കാന്‍ സംഭാവന നല്‍കുക, ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക കേന്ദ്രങ്ങളില്‍ ദുബൈ നഗരത്തെ ഉള്‍പ്പെടുത്തുക എന്നിവയാണ് ഞങ്ങളുടെ ലക്ഷ്യം അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവില്‍ ദുബൈയില്‍ 41 സ്വകാര്യ അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ദാതാക്കള്‍ ഉണ്ട്. അതില്‍ 37 എണ്ണം ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍വകലാശാലകളുടെ ശാഖാ കാംപസുകളാണ്.

അവയില്‍ മാഞ്ചസ്റ്റര്‍ ദുബൈ സര്‍വകലാശാലയുടെയും, ബര്‍മിംഗ്ഹാം ദുബൈ സര്‍വകലാശാലയുടെയും മാതൃ കാംപസുകള്‍ 2026ലെ ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ആദ്യ 100 സ്ഥാനങ്ങളില്‍ യഥാക്രമം 35ാം, 76ാം സ്ഥാനങ്ങളിലെത്തി. 183ാം സ്ഥാനത്തുള്ള ദുബൈയിലെ കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റിയും, 184ാം സ്ഥാനത്തുള്ള ദുബൈയിലെ വോളന്‍ഗോങ് യൂണിവേഴ്‌സിറ്റിയും ആദ്യ 200ല്‍ ഇടം പിടിച്ചിട്ടുണ്ട്. അതേസമയം, എമിറേറ്റില്‍ കാംപസുകളുള്ള മറ്റ് മൂന്ന് സര്‍വകലാശാലകള്‍ ആഗോള തലത്തില്‍ മികച്ച 300ല്‍ ഇടം നേടിയിട്ടുണ്ട്.

ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ദുബൈയിലെ സ്ഥാപനങ്ങളുടെ നില

വിഷയാധിഷ്ഠിതമായി ഏറ്റവും പുതിയ ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗില്‍ ദുബൈയില്‍ സാന്നിധ്യമുള്ള നിരവധി സ്ഥാപനങ്ങള്‍ ബിസിനസ്, മാനേജ്‌മെന്റില്‍ ലോകത്തിലെ ഏറ്റവും മികച്ചവയില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍, ലണ്ടന്‍ ബിസിനസ് സ്‌കൂള്‍ 7ാം സ്ഥാനത്തും, ഇ.എസ്.സി.പി 54ാം സ്ഥാനത്തും, ലൂയിസ് യൂണിവേഴ്‌സിറ്റി 67ാം സ്ഥാനത്തും ഉള്‍പ്പെടുന്നു. ഡിസൈനില്‍ ഉന്നത വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ വാഗ്ദാനം ചെയ്യുന്ന, കലയ്ക്കും രൂപകല്‍പനയ്ക്കും വേണ്ടി ലോകമെമ്പാടും മുന്‍നിര നിലയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടോ മാരങ്കോണി 51- 100നിടയ്ക്ക് നിലകൊള്ളുന്നു.
എജുക്കേഷന്‍ 33 സ്ട്രാറ്റജിക്ക് കീഴില്‍ വരുന്ന ആഗോള സര്‍വകലാശാല ആകര്‍ഷണ പദ്ധതിയുടെ ഭാഗമായുള്ള വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം. ശാസ്ത്രീയ ഗവേഷണത്തിലും അതിര്‍ത്തി കടന്നുള്ള സഹകരണത്തിലും നിക്ഷേപം നടത്തുന്ന പ്രാദേശിക പ്രോഗ്രാമുകളുമായി അന്തര്‍ദേശീയ വിദ്യാഭ്യാസത്തെ സംയോജിപ്പിച്ച് ശക്തമായ അക്കാദമിക് ഇക്കോ സിസ്റ്റം സൃഷ്ടിക്കാന്‍ ഈ സംരംഭം ശ്രമിക്കുന്നു.

2033ഓടെ അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ 50% ആകും 

2033ഓടെ ദുബൈയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം വിദ്യാര്‍ഥി ജനസംഖ്യയുടെ 50 ശതമാനം അന്താരാഷ്ട്രമാകുമെന്നതാണ് വിദ്യാഭ്യാസ അജണ്ടയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഇത് മേഖലയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തി(ജി.ഡി.പി)ലേയ്ക്ക് ഏകദേശം 5.6 ബില്യണ്‍ ദിര്‍ഹം സംഭാവന ചെയ്യും. ഈ രംഗത്ത് ദുബൈ എമിറേറ്റ് വലിയ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. 2024’25 അക്കാദമിക് വര്‍ഷത്തില്‍ ദുബൈയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനം മൊത്തത്തില്‍ 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ പ്രവേശനം 29 ശതമാനം വര്‍ധിച്ചു. നഗരത്തിലെ 41 സ്വകാര്യ സര്‍വകലാശാലകളിലായി ആകെ 42,026 വിദ്യാര്‍ഥികള്‍ ഇപ്പോള്‍ പഠനം നടത്തി വരുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *