Posted By greeshma venugopal Posted On

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പ്, പുറത്തിറങ്ങരുതെന്ന് നിർദേശം

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ഇറാക്കിലെ അമേരിക്കൻ താവളവും ഇറാൻ ആക്രമിച്ചതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, ബഹ്റൈനിൽ സുരക്ഷാ സൈറൻ മുഴങ്ങി. സുരക്ഷാ സ്ഥാനങ്ങളിലിരിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി. റോഡുകൾ ഉപയോഗിക്കുന്നതിൽ ഔദ്യോഗിക വാഹനങ്ങൾക്ക് മുൻഗണന നൽകിയിട്ടുണ്ട്. അതേസമയം, അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ്റെ ആക്രമണമുണ്ടായെന്ന് ഖത്തർ സ്ഥിരീകരിച്ചു. ആക്രമണത്തെ അപലപിച്ച ഖത്തർ മിസൈലുകളെ പ്രതിരോധിച്ചുവെന്നും വ്യക്തമാക്കി. ഖത്തർ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമായി പ്രവർത്തിച്ചുവെന്നും അമേരിക്കൻ ബേസ് നേരത്തെ ഒഴിപ്പിച്ചുവെന്നും ഖത്തർ പറയുന്നു. എന്നാൽ സഹോദര രാഷ്ട്രങ്ങളെ ആക്രമിക്കില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്. സഹോദര രാഷ്ട്രങ്ങളെയും പൗരന്മാരെയും ലക്ഷ്യമിടില്ലെന്നും ഗൾഫ് രാഷ്ട്രങ്ങൾ തങ്ങളുടെ ലക്ഷ്യമല്ലെന്നും ഇറാൻ പറയുന്നു.

ആക്ര​മ​ണത്തിന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖത്തർ വ്യോമപാതയിൽ താത്കാലിക നിയന്ത്രണം ഏർപ്പെടുത്തി. വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ഖത്തർ അറിയിച്ചു. അതിനിടെ, രാജ്യത്തെ സുരക്ഷാ സ്ഥിതി ഭദ്രമാണെന്ന് ഖത്തർ വ്യക്തമാക്കി. സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുന്നതായും കൃത്യമായി മുന്നറിയിപ്പുകൾ മുൻകൂട്ടി നൽകുമെന്നും പ്രവാസികളോടും സന്ദർശകരോടും പൗരന്മാരോടും ഖത്തർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *