
നിങ്ങൾക്ക് ലഭിച്ച ജോലി ഓഫർ തട്ടിപ്പാണോ?, തിരിച്ചറിയാനുള്ള വഴികൾ ഇതാ
ജോലി തട്ടിപ്പ് ഇന്നത്തെ കാലത്തും പുതിയ രീതിയിൽ നടക്കുന്നുണ്ട്. പലരും തട്ടിപ്പിനിരയാകുന്നുണ്ട്. നിങ്ങൾക്ക് ജോലി തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം.ദുബൈ: മികച്ച തൊഴിലവസരങ്ങൾ തേടുന്നവരെ പ്രത്യേകിച്ച് മലയാളികളെ ആകർഷിക്കുന്ന പ്രദേശമാണ് ഇന്നും ഗൾഫ് രാജ്യങ്ങൾ, വിശേഷിച്ച് ദുബൈ. അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളുടെ പേരിലുള്ള ജോലി തട്ടിപ്പുകളും കുറവല്ല. നല്ലകാലം സ്വപ്നം കാണുന്നവരുടെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർക്കുന്നതാണ് ജോലി തട്ടിപ്പുകൾ. തട്ടിപ്പിനിരയാകുന്നവരിൽ വിദ്യാസമ്പന്നരും അല്ലാത്തവരുമുണ്ട്. ആദ്യമായി ജോലിക്ക് ശ്രമിക്കുന്നവർ മുതൽ പരിചയസമ്പന്നർവരെ ഇതിനിരകളാകാറുണ്ട്. കാരണം തട്ടിപ്പുകാർ എല്ലായിടത്തും വലവിരിക്കുന്നു.
ഗൾഫിൽ എത്തിയശേഷമായിരിക്കും നിങ്ങൾ അറിയുന്നത് നിങ്ങൾ തട്ടിപ്പിന് ഇരയായി എന്നത്. അത് നിങ്ങളുടെ എമിറേറ്റ്സ് ഐഡി അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള സുപ്രധാന രേഖകളുടെ നഷ്ടമാകലിനും സാമ്പത്തി നഷ്ടം ഉണ്ടാകുന്നതിനും കാരണമാകാം. ഇത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന മാനസികാഘാതം വളരെ വലുതായിരിക്കും. തട്ടിപ്പിനിരയാകുന്ന വ്യക്തിയെ മാത്രമല്ല, അവരുടെ കുടുംബത്തെയും ഇത് ബാധിക്കും.
ജോലി അപേക്ഷയ്ക്കോ, വിസ പ്രോസസ്സിങ്ങിനോ, പരിശീലനത്തിനോ ഒരിക്കലും ഫീസ് അടയ്ക്കരുത്. ദുബൈയിലുള്ള യഥാർത്ഥ തൊഴിലുടമകൾ അപേക്ഷകരോട് മുൻകൂട്ടി പണം ചോദിക്കില്ല. ജോലിക്ക് ഒരാളെ നിയമിക്കന്നതിനുള്ള നിയമാനുസൃതമായ എല്ലാ ചെലവുകളും തൊഴിലുടമയാണ് വഹിക്കുന്നത്.
കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ചോ പ്രധാന ഓഫീസിൽ നേരിട്ട് വിളിച്ചോ അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ പരിശോധിക്കുക. സംശയാസ്‌പദമായ നമ്പറുകളെയോ ഇമെയിലുകളെയോ വിശ്വസിക്കരുത്.
നിങ്ങളുമായുള്ള ആശയവിനിമയം നടത്തുന്നത് വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സൗജന്യ ഇമെയിൽ സേവനങ്ങൾ വഴി മാത്രമാണെങ്കിൽ ജാഗ്രത പാലിക്കുക. പ്രൊഫഷണൽ കമ്പനികൾ ഔദ്യോഗിക ചാനലുകൾ (ഉദാഹരണം ഔദ്യോഗിക ഇ മെയിൽ) ആണ് ഉപയോഗിക്കുന്നത്. എന്തെങ്കിലും സംശയാസ്പദമായി തോന്നിയാൽ, വ്യക്തിഗത രേഖകളോ വിശദാംശങ്ങളോ പങ്കിടുന്നതിന് മുമ്പ് ആ സ്ഥാപനത്തെ കുറിച്ച് ആവർത്തിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുക.
ഒരു ജോലി ഓഫർ വ്യാജമാണെന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ അല്ലെങ്കിൽ ഒരു റിക്രൂട്ടർ എന്ന് വിളിക്കപ്പെടുന്നയാൾ നിങ്ങളോട് പണം ആവശ്യപ്പെട്ടാൽ ഇനി പറയുന്ന കാര്യങ്ങൾ നിർബന്ധമായും ചെയ്യണം
സന്ദേശങ്ങൾ, ഇമെയിലുകൾ, ഓഫർ ലെറ്ററുകൾ, പേയ്‌മെന്റ് അഭ്യർത്ഥനകൾ എന്നിവയുടെ സ്ക്രീൻഷോട്ടുകൾ പോലുള്ള തെളിവുകൾ സൂക്ഷിച്ചുവെക്കണം.
തട്ടിപ്പിനെക്കുറിച്ച് eCrime.ae വഴി ദുബൈ പൊലീസിന്റെ eCrime ഡിവിഷനിൽ ഉടൻ റിപ്പോർട്ട് ചെയ്യുക.
തട്ടിപ്പുകാർക്ക് മറുപടി നൽകുകയോ പണം അയയ്ക്കുകയോ ചെയ്യരുത്.
ദുബൈ പൊലീസ് ആപ്പ് വഴി ഇ-ക്രൈം വിഭാഗത്തിൽ പ്രവേശിച്ച് തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യാനും കഴിയും.
Comments (0)