
തിരിച്ചടിയുടെ സമയവും വ്യാപ്തിയും സൈന്യം തീരുമാനിക്കും; യുഎസിന് ഇറാന്റെ മുന്നറിയിപ്പ്; ഇസ്രയേല്‍ ആക്രമണങ്ങളില്‍ മരണം 950 കടന്നു
ടെഹ്റാന്: ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇറാനില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 950 ആയി. 3,450 പേര്‍ക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി. ആക്രമണങ്ങളില്‍ മരിച്ചവരില്‍ 380 സാധാരണക്കാരെയും 253 സുരക്ഷാ സേനാംഗങ്ങളെയും തിരിച്ചറിഞ്ഞതായി വാഷിങ്ടണ്‍ ആസ്ഥാനമായുള്ള ഹ്യൂമന്‍ റൈറ്റ്സ് ആക്ടിവിസ്റ്റ് എന്ന സംഘടന അറിയിച്ചു. ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 400 പേര് കൊല്ലപ്പെടുകയും 3,056 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഇറാന് ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്
ആണവ കേന്ദ്രങ്ങളെ ആക്രമിച്ച അമേരിക്കയ്ക്ക് കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് മുന്നറിയിപ്പ് നല്കി. യുഎസ് സൈനിക താവളങ്ങളെ ഇറാന് ലക്ഷ്യമിടുന്നതായാണ് സൂചന. നയതന്ത്ര സാധ്യതകള്‍ സ്വയം നശിപ്പിക്കാന്‍ അമേരിക്ക തീരുമാനിച്ചു. ആണവ കേന്ദ്രങ്ങള്‍ക്കുമേല്‍ നടത്തിയ യുഎസ് ആക്രമണങ്ങള്‍ക്കുള്ള മറുപടി, അതിന്റെ സമയം, സ്വഭാവം, വ്യാപ്തി എന്നിവ സൈന്യം തീരുമാനിക്കുമെന്ന് ഇറാന് വ്യക്തമാക്കി.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ യുഎസ് നടത്തിയ ആക്രമണങ്ങളുടെ പൂര്‍ണ്ണമായ പ്രത്യാഘാതം ഇപ്പോഴും വ്യക്തമായിട്ടില്ല. ഫോര്‍ദോ ആണവ കേന്ദ്രത്തിലെ നാശനഷ്ടങ്ങള്‍ നിലവില്‍ വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് യുഎന്‍ ആണവ മേധാവി റാഫേല്‍ ഗ്രോസി പറഞ്ഞു. അതേസമയം നതാന്‍സ് ആണവകേന്ദ്രത്തില്‍ ഒരു ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളത് ഉപഗ്രഹ ചിത്രങ്ങളില്‍ കാണാം. യു എസ് ആക്രമണങ്ങളെ ഉത്തര കൊറിയ അപലപിച്ചു. യുഎസ് നടത്തിയത് യു എന്‍ ചാര്‍ട്ടറിന്റെ ലംഘനമാണ്. ഇസ്രയേലിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയാണ് മേഖലയില്‍ സംഘര്‍ഷത്തിന് കാരണമായതെന്നും ഉത്തരകൊറിയ അഭിപ്രായപ്പെട്ടു.
അമേരിക്ക മുമ്പുള്ളതിനേക്കാൾ കൂടുതൽ പ്രഹരം പ്രതീക്ഷിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. അമേരിക്കക്കാർ മുമ്പത്തേക്കാൾ വലിയ നാശനഷ്ടങ്ങളും പ്രഹരങ്ങളും പ്രതീക്ഷിക്കണം. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, വലിയ കുറ്റം ചെയ്തു; അതിനെ ശിക്ഷിക്കണം. ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്; ഇപ്പോൾ തന്നെ ശിക്ഷിക്കുകയാണ്.’ ഖമേനി എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ പറഞ്ഞു. ഇസ്രയേൽ വധഭീഷണിയെത്തുടർന്ന് ആയത്തൊള്ള അലി ഖൊമേനി ഇറാനിലെ ഭൂഗർഭ ബങ്കറിൽ ഒളിവിൽ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ
Comments (0)