
ഖത്തറിന്റെ വടക്കൻ മേഖലയിലുള്ള ഇടങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് പുതിയ ബസ് റൂട്ട് ആരംഭിച്ച് കർവ
ഖത്തറിന്റെ വടക്കൻ മേഖലയിലുള്ള ലുസൈൽ, അൽഖോർ, അൽ റുവൈസ് എന്നീ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് രാജ്യത്തെ പൊതുഗതാഗത കമ്പനിയായ മുവാസലാത്ത്(കർവ) പ്രഖ്യാപിച്ച പുതിയ എക്സ്പ്രസ്സ് ബസ് റൂട്ടിൽ ഞായറാഴ്ച മുതൽ സർവീസ് ആരംഭിച്ചു. ഇ 801 നമ്പർ ബസ്സാണ് ഈ റൂട്ടിൽ സർവീസ് നടത്തുക.
ലുസൈലിനും വടക്കൻ പ്രദേശങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന താമസക്കാർക്കും തൊഴിലാളികൾക്കും സന്ദർശകർക്കും ഈ സർവീസ് കൂടുതൽ സഹായകമാകും. പുതിയ ബസ് സർവീസ് ലുസൈൽ, അൽഖോർ, അൽ റുവൈസ് മേഖലകളുമായി ബന്ധിപ്പിച്ചു കൊണ്ട് ഓരോ രണ്ട് മണിക്കൂർ ഇടവേളകളിലും ലഭ്യമാണ്.
വളരെ കുറച്ച് സ്റ്റോപ്പുകൾ മാത്രമുള്ള പുതിയ റൂട്ട് വടക്കൻ മേഖലയിലെ സുപ്രധാന നഗരങ്ങളിലേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനും കൂടുതൽ കാര്യക്ഷമമായ യാത്രാനുഭവം നൽകുന്നതിനും ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെയും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് എക്സ്പ്രസ് ഇ 801 സർവീസ് ആരംഭിക്കുന്നതെന്ന് മുവാസലാത്ത് വ്യക്തമാക്കി. രാജ്യത്തെ പ്രധാന നഗരങ്ങളെയും താമസ സ്ഥലങ്ങളേയും ബന്ധിപ്പിക്കുന്നതിന് ബസുകൾ, ടാക്സികൾ, മെട്രോലിങ്ക് സേവനങ്ങൾ എന്നിവ പ്രവർത്തിപ്പിച്ചുകൊണ്ട് ഖത്തറിന്റെ ഗതാഗത മേഖലയിൽ പ്രധാന പങ്ക് വഹിക്കുന്ന പൊതുഗതാഗത കമ്പനിയാണ് മുവാസലാത്ത്(കർവ).
Comments (0)