
Expat arrest: യുവ പ്രവാസി ബിസിനസുകാരനെ തട്ടി കൊണ്ടുപോയ സംഭവം: മോചിപ്പിച്ചത് തമിഴ്നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ; അറസ്റ്റിലായവരിൽ മുൻ ജീവനക്കാരനും
Expat arrest: മലപ്പുറം/കൊല്ലം ∙ പാണ്ടിക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയ യുവ പ്രവാസി ബിസിനസുകാരനുമായി തമിഴ്നാട്ടിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ സംഘത്തിന്റെ വാഹനം കൊല്ലം ജില്ലയിൽ വച്ചു തടഞ്ഞ് പൊലീസ് മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 8ന് മലപ്പുറം പാണ്ടിക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയ വി.പി. ഷമീറിനെ (40) ആണ് മഫ്തിയിലെത്തിയ പൊലീസ് സംഘം ഇന്നലെ ഉച്ചയോടെ സാഹസികമായി മോചിപ്പിച്ചത്. ഷമീറിന്റെ ഗൾഫിലെ സ്ഥാപനത്തിൽനിന്നു പിരിച്ചുവിട്ട ജോലിക്കാരനടക്കം തട്ടിക്കൊണ്ടുപോയ സംഘത്തിലെ 6 പേർ പിടിയിലായി.

അഞ്ചൽ – പുനലൂർ റോഡിലെ കുരുവിക്കോണത്തെ ബവ്റിജസ് ഔട്ട്‌ലെറ്റിനു മുന്നിൽ വച്ചാണ് സംഘത്തെ തടഞ്ഞത്. 2 വാഹനങ്ങളും പിടിച്ചെടുത്തു. ഷമീറിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരൻ തൃശൂർ ചാവക്കാട് മണത്തല പണിക്കവീട്ടിൽ ഹംഷീർ (30), വെളിയങ്കോട് ബീവിപ്പടി കിഴക്കകത്ത് അഫ്സൽ (30), ചാവക്കാട് തെരുവത്ത് മുസ്തഫ എന്ന ഫയാസ് (28), പുത്തൻകടപ്പുറം പുതുവീട്ടിൽ ഷംസീർ (30), കൊട്ടാരക്കര തലച്ചിറ നായിഫ് മൻസിലിൽ മുഹമ്മദ് നായിഫ് (29), കൊട്ടാരക്കര തലച്ചിറ മൊട്ടക്കൽ ചാരുവിള ഷഹീർ (30) എന്നിവരെയാണ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകലിനു പിന്നിൽ പിരിച്ചുവിട്ട ജീവനക്കാരന്റെ വൈരാഗ്യം, ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങൾ തുടങ്ങി വിവിധ കാരണങ്ങൾ സംശയിക്കുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. ക്വട്ടേഷൻ സംഘമാണോ തട്ടിക്കൊണ്ടുപോയതെന്നും പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച വീട്ടിലേക്കു ബൈക്കിൽ മടങ്ങുന്നതിനിടെയാണ് ഷമീറിനെ കാറിടിച്ചു വീഴ്ത്തി സംഘം ബലമായി പിടിച്ചുകൊണ്ടുപോയത്. ചാവക്കാട്ടുവച്ച് മറ്റൊരു വാഹനത്തിലേക്കു മാറ്റി എറണാകുളത്തേക്കു കടന്നു. ഇവിടെ വച്ചാണ് കഴിഞ്ഞദിവസം ഷമീറിന്റെ ഫോണിൽ കുടുംബത്തെ ബന്ധപ്പെട്ടത്. ഷമീറിന്റേത് ഗൾഫിലെ ഫോൺ നമ്പറായിരുന്നതിനാൽ പൊലീസിന് പിന്തുടരാനായില്ല. തുടർന്നു ഭാര്യയിൽനിന്ന് ഫോണിന്റെ വിവരങ്ങൾ ശേഖരിച്ച ശേഷം സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കൊല്ലം പൊലീസിന്റെ കൂടി സഹായത്തോടെയാണു സംഘത്തെ പിന്തുടർന്നു പിടികൂടിയത്. പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്തിന്റെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്. തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞയുടൻ പാണ്ടിക്കാട്, മേലാറ്റൂർ, മങ്കട, കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെയും ഡാൻസാഫ് സംഘത്തിന്റെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് നടത്തിയതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഷമീറിനെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും.
Comments (0)