കന്നുകാലികളെ ബാധിച്ച കുളമ്പുരോഗ വ്യാപനം പൂർണ്ണമായും തുടച്ച് നീക്കിയതായി പ്രഖ്യാപിച്ച് കുവൈറ്റ്

കുവൈത്ത് സിറ്റി: രാജ്യത്ത് കുളമ്പുരോഗം പൂർണ്ണമായി തുടച്ചുനീക്കിയതായി പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഎഫ്ആർ). പകർച്ചവ്യാധി നിയന്ത്രിക്കുന്നതിനായി മൃഗാരോഗ്യ വകുപ്പ് നടപ്പിലാക്കിയ നടപടികളെ അതോറിറ്റി അംഗീകരിക്കുകയും പകർച്ചവ്യാധി ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.

മൃഗാരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മെഡിക്കൽ ലബോറട്ടറി വകുപ്പ്, മൃഗഡോക്ടർമാർ എന്നിവരുൾപ്പെടെ കന്നുകാലി മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരുടെയും ശ്രമങ്ങളെയും കന്നുകാലി ബ്രീഡർമാർ, ഡയറി പ്രൊഡ്യൂസേഴ്‌സ് യൂണിയൻ, ഫാം തൊഴിലാളികളെയും അധികൃതർ പ്രശംസിച്ചു. രോഗങ്ങൾ പടരുന്നത് തടയുന്നതിനും കുവൈത്തിലെ കന്നുകാലികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ട്, ഫാമുകളിൽ ജൈവസുരക്ഷാ നടപടികൾ തുടർച്ചയായി പാലിക്കേണ്ടതിന്റെയും ഭാവിയിൽ എന്തെങ്കിലും പകർച്ചവ്യാധികൾ ഉണ്ടായാൽ മൃഗാരോഗ്യ വകുപ്പിന് ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും അതോറിറ്റി ഓർമ്മപ്പെടുത്തി.

കാത്തിരുന്ന് കാത്തിരുന്ന്.. കോഴിക്കോട് – കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിയത് മൂന്ന് മണിക്കൂറിധികം

കോഴിക്കോട് – കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ വീണ്ടും വൈകിയെത്തി. ഞായറാഴ്ച കോഴിക്കോട്ടുനിന്ന് കുവൈത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മൂന്ന് മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തിയത്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കി.

രാവിലെ 9:15-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട വിമാനം 12:56-നാണ് യാത്ര തിരിച്ചത്. ഇതോടെ കുവൈത്തിൽ 11:55-ന് എത്തേണ്ടിയിരുന്ന വിമാനം 3:06-നാണ് എത്തിയത്. കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള മടക്കയാത്രയെയും ഇത് ബാധിച്ചു. ഉച്ചയ്ക്ക് 12:55-ന് പുറപ്പെടേണ്ടിയിരുന്ന വിമാനം മൂന്നു മണിക്കൂറോളം വൈകി 4:11-നാണ് യാത്ര തുടങ്ങിയത്. സാധാരണയായി രാത്രി 8:25-ന് കോഴിക്കോട് എത്തേണ്ട വിമാനം പുലർച്ചെ 12 മണിയോടെയാണ് വിമാനത്താവളത്തിലെത്തിയത്.

ഈ അപ്രതീക്ഷിത കാലതാമസം കാരണം സ്ത്രീകൾ, കുട്ടികൾ, പ്രായമായവർ എന്നിവരുൾപ്പെടെയുള്ള യാത്രക്കാർക്ക് വിമാനത്താവളത്തിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നു. കഴിഞ്ഞ വ്യാഴാഴ്ചയും കോഴിക്കോട്ടേക്കുള്ള സർവീസ് ഒന്നര മണിക്കൂറോളം വൈകിയിരുന്നു. സാധാരണയായി കൃത്യസമയത്ത് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ്, ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് വൈകുന്നത്. ഇത് യാത്രക്കാരിൽ നിരാശയുണ്ടാക്കി.

ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ; ജനമനസ് കവർന്ന് സഹേൽ ആപ്പ് ; മികച്ച സേവനങ്ങൾക്ക് കൈയടി

കുവൈറ്റിൽ മികച്ച സേവനവുമായി സഹേൽ ആപ്പ്. നിലവിൽ 9.2 ദശലക്ഷത്തിലധികം ഉപയോക്താക്കളും, 40-ൽ അധികം സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന സേവനങ്ങളിലായി 110 ദശലക്ഷത്തിലധികം ഇടപാടുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും പ്രചാരമുള്ള സർക്കാർ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ‘സഹേൽ’ ആപ്ലിക്കേഷൻ മാറിയെന്ന് മന്ത്രിസഭാ യോഗം അറിയിച്ചു. ബയാൻ പാലസിൽ പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ-അഹ്മദ് അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഈ നേട്ടം പ്രഖ്യാപിച്ചത്.

ആശയവിനിമയ കാര്യ മന്ത്രി ഒമർ അൽ-ഒമർ, സാഹെൽ എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവർ ആപ്പിന്റെ നേട്ടങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് വിശദമായ അവതരണം നടത്തി. മന്ത്രിസഭാ യോഗം മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു. ഷുവൈക്ക് ഇൻഡസ്ട്രിയൽ ഏരിയയിലെ 50 വ്യാവസായിക, സേവന, കരകൗശല പ്ലോട്ടുകളുടെ ലൈസൻസ് ഗുരുതരമായ നിയമലംഘനങ്ങളെ തുടർന്ന് റദ്ദാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. നിയമലംഘകർക്കെതിരെ തുടർന്നും നിയമനടപടികൾ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ-ഒജൈൽ ഉറപ്പ് നൽകി.

പരസ്യം ചെയ്യണേൽ ലൈസൻസ് നിർബന്ധം ; പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് കുവൈറ്റ് ഇൻഫർമേഷൻ മന്ത്രാലയം

സെലിബ്രിറ്റികളുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും പരസ്യങ്ങൾ നിയന്ത്രിക്കാൻ പുതിയ മാധ്യമ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയയിൽ നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി പരസ്യം ചെയ്യുന്നതിന് സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങളിൽ നിന്ന് ലൈസൻസ് നിർബന്ധമാക്കും.

പുതിയ മാധ്യമ നിയമത്തിന്റെ കരട് അന്തിമ ഘട്ടത്തിലാണെന്നും ഉടൻ തന്നെ മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കുമെന്നും വിശ്വസനീയമായ വൃത്തങ്ങൾ പറഞ്ഞു. പുതിയ മാധ്യമ നിയമത്തിൽ പരസ്യത്തിന്റെ രീതിയും സെലിബ്രിറ്റികൾക്കും ഇൻഫ്ലുവൻസർമാർക്കും ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകളും സംബന്ധിച്ച് രണ്ട് അധ്യായങ്ങളുണ്ട്.

സെലിബ്രിറ്റികളുടെയും കോർപ്പറേറ്റ് പരസ്യങ്ങളുടെയും കാര്യത്തിൽ മന്ത്രാലയത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉപഭോക്തൃ അവകാശങ്ങളെ ബാധിക്കാതെ, എല്ലാവരെയും നിയമപരവും വാണിജ്യപരവുമായ വ്യവസ്ഥകൾക്ക് വിധേയരാക്കി ഉത്തരവാദിത്തമുള്ളവരാക്കി മാറ്റും. പരസ്യങ്ങൾ നൽകുന്ന ഇൻഫ്ലുവൻസർമാർ, സെലിബ്രിറ്റികൾ, കമ്പനികൾ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഇൻഫർമേഷൻ മന്ത്രാലയം പരിശോധിക്കണമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശങ്ങളിലൊന്ന്. ഇതിനായി ഇൻഫർമേഷൻ, കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയങ്ങൾ സംയുക്തമായി പ്രവർത്തിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *