
കുവൈറ്റ് വിഷമദ്യ ദുരന്തം ; മരിച്ച കണ്ണൂർ സ്വദേശി സച്ചിന്റെ മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷ മദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ട പ്രവാസി മലയാളിയായ കണ്ണൂർ ഇരിണാവ് സ്വദേശി സച്ചിന്റെ മൃതദേഹം നാളെ ജന്മനാട്ടിലെത്തിച്ചേക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. സച്ചിന്റെ മൃതദേഹം നാളെ രാവിലെ കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കാൻ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സച്ചിന്റെ മരണ വിവരം ബന്ധുക്കൾ അറിയുന്നത്. കുവൈത്തിൽ ഹോട്ടലിൽ കാഷ്യർ ആയി ജോലി ചെയ്യുകയായിരുന്നു സച്ചിൻ. ഇരിണാവ് സിആർസിക്ക് സമീപം പൊങ്കാരൻ മോഹനന്റെയും ഗിരിജയുടെയും മകനായ സച്ചിൻ അഞ്ചുമാസം മുൻപാണ് നാട്ടിൽ വന്ന് മടങ്ങിയത്.
ബുധനാഴ്ച വൈകിട്ട് വരെ സച്ചിൻ അമ്മയുമായി ഫോണിൽ സംസാരിച്ചിരുന്നു. കുവൈത്തിലെ വിഷ മദ്യ ദുരന്തത്തെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞെന്നും അതിലേക്ക് ചെന്ന് പെടരുതെന്നും അമ്മ മകനോട് പറഞ്ഞിരുന്നു. എന്നാൽ, ഈ ദുരന്തം തന്റെ മകന്റെ ജീവൻ കവർന്നെടുക്കുമെന്ന് ഈ അമ്മ അറിഞ്ഞിരുന്നില്ല. സച്ചിന്റെ മരണ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് ബന്ധുക്കളും കുടുംബാംഗങ്ങളും. ആറു വർഷങ്ങൾക്ക് മുൻപാണ് സച്ചിൻ വിവാഹിതനായത്. അഞ്ചു വയസുകാരിയായ ഒരു മകളുമുണ്ട്.
Comments (0)