
കുവൈറ്റ് വിഷ മദ്യ ദുരന്തം ; മുഖ്യപ്രതികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട മുഖ്യപ്രതികൾ അറസ്റ്റിൽ. പിടിയിലായവരിൽ ഇന്ത്യൻ പ്രവാസിയും ഉൾപ്പെടുന്നു. വിശാൽ ധന്യാൽ ചൗഹാനാണ് അറസ്റ്റിലായ ഇന്ത്യക്കാരൻ. കുവൈത്ത് വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട് നേപ്പാളി പൗരനായ ഭൂബൻ ലാൽ തമാംഗി എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. സാൽമിയയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മെഥനോൾ കലർന്ന മദ്യശേഖരവും ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നേപ്പാളി പൗരൻ നാരായൺ പ്രസാദ് ഭശ്യാലും ഇന്ത്യൻ പ്രവാസിയും പിടിയിലായത്. വ്യാജമദ്യ നിർമാണ വിതരണ ശൃംഖലയുടെ നേതാവായ ബംഗ്ലാദേശി പൗരൻ ദെലോറ പ്രകാശ് ദാരാജും പിടിയിലായി. വ്യാജമദ്യ ദുരന്തത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ 23 പേരാണ് മരിച്ചത്. സംഭവത്തിൽ 21 പേർക്ക് കാഴ്ചശക്തി നഷ്ടമായിട്ടുണ്ട്. 160 പേർ ഇപ്പോഴും ചികിത്സയിലാണ്. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ ഗവർണറേറ്റുകളിലുടനീളം നടത്തിയ റെയ്ഡുകളിൽ പ്രാദേശിക മദ്യനിർമാണ വിതരണത്തിൽ ഉൾപ്പെട്ട 67 പേരെ അറസ്റ്റ് ചെയ്തു. റസിഡൻഷ്യൽ, വ്യാവസായിക മേഖലകളിൽ പ്രവർത്തിക്കുന്ന നാല് മദ്യനിർമാണ കേന്ദ്രങ്ങൾ അടക്കം ആകെ പത്ത് മദ്യനിർമാണ കേന്ദ്രങ്ങൾ റെയ്ഡുകൾക്കിടെ കണ്ടെത്തി. വിവിധ കേസുകളുമായി ബന്ധപ്പെട്ട് സുരക്ഷാ വകുപ്പുകൾ അന്വേഷിക്കുന്ന 34 പേരും അറസ്റ്റിലായി.
Comments (0)