
സ്വകാര്യ മേഖലയിൽ സ്വദേശികളുടെ എണ്ണം വർധിപ്പിക്കാൻ നിയമം; കുവൈത്തിലെ പ്രവാസികൾക്ക് തിരിച്ചടി
സ്വകാര്യ മേഖലയിൽ കൂടുതൽ സ്വദേശി തൊഴിലാളികകളുടെ എണ്ണം വർധിപ്പിക്കാനുള്ള നീക്കവുമായി കുവൈത്ത്. ഇത് സംബന്ധിച്ച് തൊഴിൽ നിയമത്തിലെ 63-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഒരു കരട് ഡിക്രി-നിയമം മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ ഈ നിയമഭേദഗതിയിലുണ്ട്.
കുവൈത്ത് വിഷൻ 2035 പദ്ധതിയുടെ ഭാഗമായി സ്വദേശിവൽക്കരണ നിരക്ക് ഉയർത്തുക, നിയമലംഘനങ്ങൾക്ക് കർശനമായ ശിക്ഷകൾ നൽകുക, ചില തസ്തികകൾ സ്വദേശികൾക്കായി സംവരണം ചെയ്യുക, കുവൈത്തിലെ യുവാക്കളെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നതിന് പ്രാപ്തരാക്കാൻ പ്രത്യേക പരിശീലന പരിപാടികൾ ആരംഭിക്കുക എന്നിവയെല്ലാം ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഇതിന് വേണ്ടിയുള്ള നിയമഭേദഗതിയാണ് സമർപ്പിച്ചത് എന്ന് കുവൈത്ത് പൊതുമരാമത്ത് അതോറിറ്റിയിലെ പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം ഡയറക്ടർ മുഹമ്മദ് അൽ-മുസൈനി അറിയിച്ചു.
ഓരോ അഞ്ച് വർഷം കഴിയുമ്പോഴും സ്വകാര്യ മേഖലയിലെ സ്വദേശി തൊഴിലാളികൾക്ക് കുറഞ്ഞ കൂലി നിശ്ചയിക്കണമെന്ന് ഈ ഭേദഗതിയിൽ പറയുന്നു. പണപ്പെരുപ്പ നിരക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും കൂലി നിശ്ചയിക്കേണ്ടത്. ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ കൂടുതൽ പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ.
Comments (0)