
സൈബർ സുരക്ഷയെ കുറിച്ച് കുട്ടികൾ പഠിക്കട്ടെ ; സൈബർ സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി യുഎഇ
ദുബൈ: സ്‌കൂളുകളിൽ ഈ അധ്യയന വർഷം മുതൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതായി യു എ ഇ. ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് സുരക്ഷിതമായി ഇടപെടാൻ വേണ്ടിയാണ് ഇത്തരമൊരു നീക്കം സർക്കാർ നടത്തിയത്. 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ സൈബർ സുരക്ഷ പഠിപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്
ആധുനിക സാങ്കേതികവിദ്യകളും ഇന്റർനെറ്റും ഉത്തരവാദിത്തത്തോടെ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്‌തരാക്കുക. സൈബർ ഭീഷണികളെക്കുറിച്ചും അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും കുട്ടികളെ പഠിപ്പിക്കും. വിദ്യാർഥികൾ സൈബർ തട്ടിപ്പിന് ഇരയാകുന്ന സംഭവങ്ങൾ വർധിച്ച സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
ഒന്നാം ക്ലാസ്സിൽ ഓൺലൈനിൽ എങ്ങനെ സുരക്ഷിതമായി ഉപയോഗിക്കാം എന്നതിന്റെ ബാലപാഠങ്ങൾ ആകും നൽകുക. ഡിജിറ്റൽ ലോകം, ഇന്റർനെറ്റ് തുടങ്ങിയ ആശയങ്ങൾ എന്താണ് എന്ന് രണ്ടും മൂന്നും ക്ലാസ്സുകളിലെ വിദ്യർത്ഥികളെ പഠിപ്പിക്കും.
ഡിജിറ്റൽ സംരക്ഷണം എങ്ങനെ നടപ്പിലാക്കും എന്നതിനെ കുറിച്ച് ഒരു പ്രോജക്റ്റിലൂടെ നാലാം ക്ലാസ്സിൽ കുട്ടികളെ പഠിപ്പിക്കും. ഈ ക്ലാസുകളിലൂടെ ഡിജിറ്റൽ ലോകത്തെ അറിവുകളുള്ള പുതിയ ഒരു തലമുറയെ സൃഷ്ടിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത അധ്യയന വർഷം മുതൽ പല രാജ്യങ്ങളും ഇതേ മാതൃക പിന്തുടരുമെന്നും അധികൃതർ വ്യക്തമാക്കി.


Comments (0)