
ഓണം കളറാക്കാം ; ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിൽ ; ജിസിസി രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ ഒഴുക്ക്
ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് ഇടിവിലെത്തിയതോടെ ജിസിസി രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് പണമയക്കാൻ മത്സരിക്കുകയാണ് പ്രവാസികൾ. യുഎഇ ഉൾപ്പെടെയുള്ള ജിസിസി രാജ്യങ്ങളിൽ നിന്നുള്ള പണമയക്കലിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. യുഎസ് ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 50% തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് രൂപയുടെ മൂല്യത്തിൽ തകർച്ച രേഖപ്പെടുത്തിയത്. ഇതുവരെ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ തകർച്ചയാണ് ഇപ്പോൾ രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. യുഎസ് താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ രൂപയുടെ മൂല്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ഗൾഫിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികൾക്ക്, രൂപയുടെ മൂല്യത്തകർച്ചയെ തുടർന്ന് അപ്രതീക്ഷിത നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ചൈനീസ് കറൻസി യുവാനെതിരെയും രൂപയുടെ മൂല്യം ദുർബലമായിട്ടുണ്ട്. ഇന്ത്യയിലെ കോർപ്പറേറ്റ് വരുമാനത്തിലെ കുറവും യുഎസ് ട്രഷറി വരുമാനം ഉയർന്നതും ഇന്ത്യൻ ഓഹരികളോടുള്ള വിദേശ നിക്ഷേപകരുടെ താൽപര്യം കുറച്ചിരുന്നു. രൂപയുടെ മൂല്യമിടിയാനുള്ള മറ്റൊരു കാരണം ഇതാണ്.
Comments (0)