
പ്രവാസി സ്ത്രീ നടത്തിയ മദ്യനിർമ്മാണ കേന്ദ്രത്തിൽ മിന്നൽ റെയ്ഡ്, മദ്യ വിൽപ്പന നടത്തിയ ഇന്ത്യക്കാർ പിടിയിൽ; പരിശോധനകൾ ശക്തമാക്കി കുവൈത്ത്
കുവൈത്തിലുണ്ടായ വിഷ മദ്യദുരന്തത്തിനെ തുടർന്ന് പരിശോധനകൾ ശക്തമാക്കി സുരക്ഷാ ഏജൻസികൾ. ഫഹാഹീൽ പ്രദേശത്തെ ഒരു നേപ്പാളി സ്ത്രീ നടത്തിയിരുന്ന മദ്യനിർമ്മാണ കേന്ദ്രത്തിൽ അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. മദ്യ നിർമ്മാണത്തിനുള്ള ഉപകരണങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു, കൂടാതെ, അബു ഹലീഫ പ്രദേശത്ത് മദ്യം വിതരണം ചെയ്തതിന് ഇന്ത്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.
അതേസമയം രാജ്യത്തെ നടുക്കിയ വിഷമദ്യ ദുരന്തത്തിൽ ഇന്ത്യക്കാരുൾപ്പടെ 23 ഏഷ്യൻ പ്രവാസികൾ മരിക്കുകയും, 160-ലധികം പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച മുതൽ മെത്തനോൾ കലർന്ന അനധികൃത മദ്യം കഴിച്ചതാണ് നിരവധി പേര്‍ക്ക് വിഷബാധയേൽക്കാൻ കാരണമായത്. 23 പ്രവാസികൾ മരിച്ചു. 21 പേരുടെ കാഴ്ച നഷ്ടപ്പെട്ടു. 61 പേർ വെന്റിലേറ്ററിലും 160 പേർ അടിയന്തര ഡയാലിസിസിലും തുടരുന്നതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പലരും ഗുരുതരാവസ്ഥയിൽ കഴിയുന്ന സാഹചര്യത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ ദുരന്തത്തിൽ ഇന്ത്യ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഏഷ്യൻ പ്രവാസികളാണ് മരണപ്പെട്ടത്. നിരവധി മലയാളികൾ മരണപ്പെട്ടതായാണ് റിപ്പോർട്ട്.
Comments (0)