Posted By greeshma venugopal Posted On

മറീന പിനാക്കിൾ ദുരിതം: താമസക്കാർക്ക് വീടില്ല, വാടകയും സെക്യൂരിറ്റി ഡെപ്പോസിറ്റും നൽകണമെന്ന ആവശ്യം ശക്തം

ദുബായ് മറീനയിലെ മറീന പിനാക്കിൾ ടവറിലുണ്ടായ തീപിടുത്തത്തിന് ഒരു മാസത്തിനുശേഷവും, നിരവധി വാടകക്കാർക്ക് പുതിയ വീടുകൾ കണ്ടെത്താനാകാതെ ദുരിതത്തിലാണെന്ന് റിപ്പോർട്ടുകൾ പുറത്ത്. 2025 ജൂൺ 13നായിരുന്നു തീപിടുത്തം. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്തില്ലെങ്കിലും കെട്ടിടത്തിൽ നിന്ന് 3,800 ഓളം താമസക്കാരെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നിരുന്നു.

67 നിലകളുള്ള മറീന പിനാക്കിൾ ടവറിലാണ് തീപിടുത്തം ഉണ്ടായത്. കൂടാതെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപ്പാർട്ട്‌മെന്റുകളിൽ നിന്ന് അവശേഷിക്കുന്ന സാധനങ്ങൾ ശേഖരിക്കാൻ പോലും പലർക്കും കഴിഞ്ഞിട്ടില്ല. ഈ ദുരന്തം പലരുടെയും ജീവിതം താറുമാറാക്കി. കാരണം ഇപ്പോൾ താമസിക്കാൻ പുതിയ ഇടം കണ്ടെത്തുക എന്നത് പലർക്കും കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.

പ്രത്യേകിച്ചും സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരും അനധികൃതമായി പങ്കുവെച്ച താമസസ്ഥലങ്ങളിൽ കഴിഞ്ഞിരുന്നവരും തീപിടുത്തം ഏറെ ബാധിച്ചിട്ടുണ്ട്. ദുബായ് സിവിൽ ഡിഫൻസിന്റെയും മറ്റ് അധികാരികളുടെയും ഭാഗത്തുനിന്ന് അടിയന്തര സഹായങ്ങളും താൽക്കാലിക താമസസൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു.

കൂടാതെ ദുബായിൽ നിന്ന് വലിയ തോതിലുള്ള പിന്തുണയും സഹായങ്ങളും ലഭിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും രൂപീകരിച്ച സപ്പോർട്ട് ഗ്രൂപ്പുകൾ വഴി വസ്ത്രങ്ങൾ, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ എത്തിക്കുകയും താൽക്കാലിക താമസസൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു. എങ്കിലും ഒരു മാസം പിന്നിടുമ്പോൾ പല വാടകക്കാർക്കും ദീർഘകാലത്തേക്ക് താമസിക്കാനുള്ള സ്ഥിരം സംവിധാനം കണ്ടെത്താൻ സാധിച്ചിട്ടില്ല. നഷ്ടപ്പെട്ട രേഖകളും, സാമ്പത്തിക പ്രശ്നങ്ങളും, നിയമപരമായ ചില തടസ്സങ്ങളുമാണ് പ്രധാന കാരണം. ഇതോടെ ഇത്തരം വലിയ റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയെയും, അടിയന്തര സാഹചര്യങ്ങളിലെ അവരുടെ പുനരധിവാസത്തെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും വഴിയൊരുക്കി. ചില താമസക്കാർക്ക് തീപിടുത്തത്തിൽ വീടുകൾ മാത്രമല്ല ചില അപ്രതീക്ഷിത ചെലവുകളും ഉണ്ടാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *