14 മണിക്കൂർ വിമാനം വൈകി ; യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് മുംബൈ ഉപഭോക്തൃ കോടതി

ദുബായ് : വിമാനം 14 മണിക്കൂര്‍ വൈകിയതിന് പിന്നാലെ വന്‍തുക നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദുബായിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ്ജെറ്റ് വിമാനം 14 മണിക്കൂർ വൈകിയതിനെ തുടർന്ന് യാത്രക്കാരന് 55,000 രൂപ നഷ്ടപരിഹാരം നൽകാനാണ് മുംബൈയിലെ ഉപഭോക്തൃ കോടതി ഉത്തരവ് നല്‍കിയത്. വൈകിയ വിമാനത്തിലെ യാത്രക്കാർക്ക് ഒരു ബർഗറും ഫ്രൈസും മാത്രമാണ് നൽകിയതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാനുള്ള സൗകര്യങ്ങളും കൃത്യമായ വിവരങ്ങളും നൽകാൻ എയർലൈനുകൾക്ക് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി.

സാധാരണ കാലതാമസം എന്ന പേരിൽ ഈ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ (മുംബൈ സബർബൻ) നിരീക്ഷിച്ചു. 2024 ജൂലൈ 27ന് ദുബായിൽ നിന്ന് മുംബൈയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരനാണ് കോടതിയെ സമീപിച്ചത്. യാത്രക്കാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ ഏവിയേഷൻ റെഗുലേറ്റർ പുറത്തിറക്കിയ സിവിൽ ഏവിയേഷൻ റെക്വയർമെന്റ്സ് (സിഎആർ) സ്പൈസ്ജെറ്റ് അവഗണിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 14 മണിക്കൂറിലേറെ വൈകിയതിന് ഒരു ബർഗറും ഫ്രൈസും മാത്രം നൽകിയെന്നത് അപര്യാപ്തമായ ക്രമീകരണമാണെന്ന് കമ്മീഷൻ വിലയിരുത്തി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *