
Must-Download Apps in Dubai:പ്രവാസികളെ… ദുബായിലാണോ നിങ്ങൾ? എങ്കിൽ നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍ ഇവയാണ്
Must-Download Apps in Dubai:ദുബൈ: വിനോദ സഞ്ചാരികളുടെ പറുദീസയാണല്ലോ ദുബൈ. ലോകത്തിന്റെ എല്ലാ ദിക്കുകളില്‍ നിന്നുമുള്ള സഞ്ചാരികള്‍ എത്തുന്ന ഒരിടം കൂടിയാണിവിടം. സുരക്ഷയുടെയും നഗരസൗന്ദര്യത്തിന്റെയും കാര്യത്തില്‍ ലോകത്തിലെ മുന്‍നിര നഗരങ്ങള്‍ക്കൊപ്പമാണ് ദുബൈയുടെ സ്ഥാനം.

ദുബൈ പോലൊരു മഹാ നഗരത്തില്‍ എത്തിപ്പെടുമ്പോള്‍ നിങ്ങള്‍ ചിലപ്പോള്‍ കുഴങ്ങിയേക്കാം. അതൊഴിവാക്കാനുള്ള ഏറ്റവും എളുപ്പ മാര്‍ഗം താഴെ നല്‍കിയ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക എന്നതാണ്. നഗരം ചുറ്റിക്കാണാനും രുചികരമായ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുമടക്കം നിരവധി കാര്യങ്ങള്‍ക്ക് ഈ ആപ്പുകള്‍ ഉപകരിക്കും. ഏറ്റവും ചുരുക്കത്തില്‍, ഈ ആപ്പുകള്‍ നിങ്ങളുടെ ദുബൈ യാത്ര കൂടുതല്‍ സുഗമമാക്കും.
ടാക്‌സി ബുക്ക് ചെയ്യാന്‍-കരീം, ഊബര്‍, ബോള്‍ട്ട്, യാംഗോ, സെഡ്, ഡിടിസി ആപ്പുകള്‍
ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാന്‍ നിരവധി ആപ്പുകള്‍ ലഭ്യമാണ്. കരീം, ഊബര്‍, ഡിടിസി എന്നിവയാണ് ഏറ്റവും ജനപ്രിയമായ ആപ്പുകള്‍. യാംഗോ, ബോള്‍ട്ട്, സെഡ് എന്നീ ആപ്പുകള്‍ വഴിയും ദുബൈയില്‍ ടാക്‌സി ബുക്ക് ചെയ്യാനാകും.
നിങ്ങള്‍ ഒരു പബ്ലിക് ടാക്‌സി ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കരീം ആപ്പിലെ ഹാല ടാക്‌സി ഓപ്ഷന്‍ തിരഞ്ഞെടുത്തോ ബോള്‍ട്ട് അല്ലെങ്കില്‍ ഡിടിസി ടാക്‌സി ആപ്പ് ഉപയോഗിച്ചോ നിങ്ങള്‍ക്ക് ടാക്‌സി ബുക്ക് ചെയ്യാന്‍ കഴിയും. ഈ ടാക്‌സികള്‍ സ്വകാര്യ റൈഡ്‌ഹെയ്‌ലിംഗ് വാഹനങ്ങളെ അപേക്ഷിച്ച് അല്‍പ്പം ചാര്‍ജ് കുറവുള്ളതും നഗരത്തിലുടനീളം വ്യാപകമായി ലഭ്യവുമാണ്.
വാഹനമോടിക്കുമ്പോള്‍ നാവിഗേഷന്‍ – ഗൂഗിള്‍ മാപ്‌സ് അല്ലെങ്കില്‍ വേസ്
യുഎഇയില്‍ താമസിക്കുന്ന സമയത്ത് വാഹനമോടിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ ദിശ അറിയാന്‍ ഉപയോഗിക്കാവുന്ന ആപ്പുകളാണ് ഗൂഗിള്‍ മാപ്‌സും വേസും.
ഗൂഗിള്‍ മാപ്‌സ് വിശ്വസനീയമായ ദിശകളും കണക്കാക്കിയ യാത്രാ സമയങ്ങളും വാഗ്ദാനം ചെയ്യുമ്പോള്‍, വേസ് അതിന്റെ തത്സമയ ട്രാഫിക് അപ്‌ഡേറ്റുകളുടെ പേരില്‍ നഗരത്തില്‍ എങ്ങും ജനപ്രിയമാണ്. നിങ്ങള്‍ വേഗത പരിധി ലംഘിക്കുമ്പോഴോ, അല്ലെങ്കില്‍ ഗതാഗതക്കുരുക്ക് നേരിടുമ്പോഴോ വേസ് നിങ്ങളെ ഇക്കാര്യം അറിയിക്കും.
ദുബൈയിലെ റോഡുകളെക്കുറിച്ച് വലിയ ധാരണയില്ലാത്ത വിനോദ സഞ്ചാരികള്‍ക്ക് ഈ രണ്ട് ആപ്പുകളും പ്രത്യേകിച്ച് വേസ് ഒരു മുതല്‍ക്കൂട്ടായിരിക്കും.
പൊതുഗതാഗതം- ഷൈല്‍ ആപ്പ്
ദുബൈയില്‍ മെട്രോ, ബസുകള്‍, ട്രാമുകള്‍, അബ്രകള്‍, ഫെറികള്‍ എന്നിവ ഉള്‍പ്പെടുന്ന കാര്യക്ഷമമായ പൊതുഗതാഗത സംവിധാനമുണ്ട്. ഇവ എല്ലാത്തിലൂടെ നിങ്ങളുടെ യാത്ര ആസൂത്രണം ചെയ്യുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) വികസിപ്പിച്ചെടുത്ത ഷൈല്‍ ആപ്പ് ഉപയോഗിക്കുക എന്നതാണ്.
ഷൈല്‍ ആപ്പ് ഉപയോഗിച്ച്, ഏത് റൂട്ടിലാണ് പോകേണ്ടത്, നിങ്ങളുടെ യാത്രയ്ക്ക് എത്ര സമയമെടുക്കും, എത്ര ചിലവാകും, അടുത്ത മെട്രോ അല്ലെങ്കില്‍ ബസ് എപ്പോള്‍ എത്തും എന്നിവ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയും.
കൂടാതെ, ദുബൈയിലെ എല്ലാ പൊതുഗതാഗതത്തിലും നിരക്ക് അടയ്ക്കാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡായ നോല്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ നിങ്ങള്‍ക്ക് ആപ്പ് ഉപയോഗിക്കാം. നിങ്ങള്‍ ദിവസേന യാത്ര ചെയ്യുന്ന ആളായാലും അല്ലെങ്കില്‍ കാഴ്ചകള്‍ക്കായി ചുറ്റിക്കറങ്ങുന്ന ആളായാലും, നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം ഷൈല്‍ ആപ്പിലുണ്ട്.
ഭക്ഷണവും അവശ്യവസ്തുക്കളുടെ ഡെലിവറിക്ക്-തലാബത്ത്, ഡെലിവറൂ, ഇന്‍സ്റ്റാഷോപ്പ്, നൂണ്‍
നഗരം ചുറ്റിക്കറങ്ങി താമസ സ്ഥലത്തെത്തുമ്പോള്‍ വിശന്നു വലഞ്ഞ നിങ്ങള്‍ക്ക് എന്തെങ്കിലും ഓര്‍ഡര്‍ ചെയ്ത് കഴിക്കാന്‍ അതിയായ താല്‍പ്പര്യമുണ്ടായേക്കാം.
അത്തരം സാഹചര്യങ്ങളില്‍ ദുബൈയില്‍ ഉപയോഗപ്പെടുന്ന ആപ്പുകളെക്കുറിച്ചാണ് പറയുന്നത്. ദുബൈയില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്ന ഭക്ഷണ, അവശ്യവസ്തുക്കളുടെ ഡെലിവറി ആപ്പുകളാണ് തലാബത്ത്, ഡെലിവറൂ, ഇന്‍സ്റ്റാഷോപ്പ്, നൂണ്‍ എന്നിവ. ഈ ആപ്പുകള്‍ വഴി നിങ്ങള്‍ക്ക് വിവിധ റെസ്റ്റോറന്റുകളില്‍ നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും.
അടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നോ ഫാര്‍മസികളില്‍ നിന്നോ അടിസ്ഥാന അവശ്യവസ്തുക്കള്‍, മരുന്നുകള്‍ അല്ലെങ്കില്‍ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്യണമെങ്കിലും നിങ്ങള്‍ക്ക് ഈ ആപ്പുകളെ ആശ്രയിക്കാം.
പബ്ലിക് പാര്‍ക്കിംഗ്-പാര്‍ക്കിന്‍, പാര്‍ക്കോണിക്
ദുബൈയില്‍ വാഹനമോടിക്കുകയാണെങ്കില്‍, പൊതു പാര്‍ക്കിംഗിന് പണം നല്‍കേണ്ടതുണ്ട്. നഗരത്തിലെ മിക്ക പൊതു പാര്‍ക്കിംഗുകളും പാര്‍ക്കിന്‍ ആണ് നടത്തുന്നത്. പാര്‍ക്കിംഗ് സോണ്‍ നമ്പര്‍ കാണിക്കുന്ന നീലയും വെള്ളയും സൈന്‍ബോര്‍ഡുകള്‍ ഉപയോഗിച്ച് ഇത് തിരിച്ചറിയാന്‍ കഴിയും. എസ്എംഎസ് വഴി പണമടയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ടെങ്കിലും, ഇത് വിനോദസഞ്ചാരികള്‍ക്ക് അസൗകര്യമുണ്ടാക്കാം. അതിനാല്‍ പാര്‍ക്കിന്‍ ആപ്പ് ഉപയോഗിക്കുന്നതാണ് കൂടുതല്‍ നല്ലത്.
ആപ്പ് ഡൗണ്‍ലോഡ് ചെയ്തുകഴിഞ്ഞാല്‍, നിങ്ങളുടെ ലൊക്കേഷന്‍ പ്രവര്‍ത്തനക്ഷമമാക്കുക, നിങ്ങളുടെ വാഹന വിശദാംശങ്ങള്‍ നല്‍കുക, അത് ഏറ്റവും അടുത്തുള്ള പാര്‍ക്കിംഗ് സോണ്‍ കണ്ടെത്തും. തുടര്‍ന്ന് നിങ്ങള്‍ക്ക് ലൊക്കേഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഫോണ്‍ വാലറ്റ് ഉപയോഗിച്ച് പണമടയ്ക്കാം. ചില പ്രദേശങ്ങളില്‍ പാര്‍ക്കിംഗ് മീറ്ററുകളും ഉണ്ട്. പക്ഷേ അവ എല്ലായിടത്തും ലഭ്യമല്ല.
പാം ജുമൈറ, ദി ബീച്ച് അറ്റ് ജെബിആര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് നടത്തുന്നത് പാര്‍ക്കോണിക് ആണ്. അതിന് സ്വന്തമായി ആപ്പ് ഉണ്ട്.
സുരക്ഷ-ദുബൈ പൊലിസ് ആപ്പ്
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളിലൊന്നാണ് ദുബൈ. വിനോദസഞ്ചാരികളെ സഹായിക്കുന്നതിനായി ടൂറിസം പൊലിസ് എന്നറിയപ്പെടുന്ന ഒരു പ്രത്യേക യൂണിറ്റ് പോലും ദുബൈ പൊലിസിനുണ്ട്. ദുബൈ പൊലിസ് ആപ്പ് വഴി ഒരു സന്ദര്‍ശകന്‍ എന്ന നിലയില്‍, ഈ യൂണിറ്റുമായി നേരിട്ട് ബന്ധപ്പെടാം.
ആപ്പ് വഴി നിങ്ങള്‍ക്ക് ഫീഡ്ബാക്ക് സമര്‍പ്പിക്കാനും സഹായം ചോദിക്കാനും അന്വേഷണങ്ങള്‍ നടത്താനും കഴിയും. പൊതു പൊലിസ് സേവനങ്ങളും അടിയന്തര സവിശേഷതകള്‍ ആക്‌സസ് ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു.
Comments (0)