Posted By greeshma venugopal Posted On

യുഎഇയുടെ സാമ്പത്തിക രംഗത്ത് പുതിയ മാറ്റം; ഡിജിറ്റൽ ദിർഹം എന്ന പുതിയ കറൻസി ഉടൻ പ്രാബല്യത്തിൽ വരും

യുഎഇയുടെ സാമ്പത്തിക രംഗത്ത് പുതിയ മാറ്റം വരുന്നു. പണമിടപാടുകൾ എളുപ്പമാക്കാൻ സഹായിക്കുന്ന ഡിജിറ്റൽ ദിർഹം എന്ന പുതിയ കറൻസി ഉടൻ പ്രാബല്യത്തിൽ വരുമെന്ന റിപ്പോർട്ടുകൾ പുറത്ത്. യുഎഇ സെൻട്രൽ ബാങ്കിന്റെ നേതൃത്വത്തിൽ വരുന്ന ഈ സംവിധാനം വഴി പണമിടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

ഈ ഡിജിറ്റൽ കറൻസി വരുന്നതോടെ പണമിടപാടുകൾക്ക് എടുക്കുന്ന സമയം കുറയും. കൂടാതെ ബാങ്കുകളിലൂടെ പണം അയയ്ക്കുമ്പോൾ നൽകേണ്ടിവരുന്ന അമിത തുകയും കുറയും. ഇത് നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികൾക്ക് ഏറെ സഹായകമാകുന്നു. കള്ളപ്പണം, തട്ടിപ്പുകൾ എന്നിവ തടയാനും ഈ പുതിയ സംവിധാനം വഴി സാധിക്കും. ഓരോ ഇടപാടും കൃത്യമായി രേഖപ്പെടുത്താൻ ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അതിനാൽ ഇത്തരം തട്ടിപ്പുകൾ നടത്താൻ ഒരു കാരണവശാലും സാധിക്കില്ല. ഡിജിറ്റൽ ദിർഹം എന്നത് ക്രിപ്‌റ്റോകറൻസിയോ ബാങ്ക് റിവാർഡ് സ്കീമോ അല്ല ഇത് യുഎഇ സെൻട്രൽ ബാങ്കിന്റെ അംഗീകാരമുള്ള ഔദ്യോഗിക പണമാണ്.

അതിനാൽ നിങ്ങളുടെ കൈവശമുള്ള സാധാരണ ദിർഹത്തിന് തുല്യമായ മൂല്യമാണ് ഡിജിറ്റൽ കറൻസിക്കുള്ളത്. കൂടാതെ കടകളിലും ബാങ്കുകളിലും സർക്കാർ സേവനങ്ങൾക്കും ഇത് ഉപയോഗിക്കാം. ഡിജിറ്റൽ ദിർഹം ഉപയോഗിച്ച് ബില്ലുകൾ, വാടക തുടങ്ങിയവ ഓട്ടോമാറ്റിക്കായി അടയ്ക്കാൻ സാധിക്കും ഇത് പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു.

ചൈനയിലും ഇന്ത്യയിലും വിജയകരമായി പരീക്ഷിച്ച ശേഷമാണ് ഡിജിറ്റൽ ദിർഹം യുഎഇയിൽ എത്തുന്നത്. വെറും ഏഴ് സെക്കൻഡിനുള്ളിൽ 50 ദശലക്ഷം ദിർഹത്തിന്റെ ഇടപാട് വിജയകരമായി പൂർത്തിയാക്കിയാണ് ഈ സാങ്കേതികവിദ്യയുടെ വിജയം തെളിയിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ രാജ്യങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കും. ഈ പുതിയ ഡിജിറ്റൽ കറൻസി യുഎഇയുടെ സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധർ ഒന്നടക്കം അഭിപ്രായപ്പെടുന്നത്. ഈ വർഷം അവസാനത്തോടെ ഇത് സാധാരണക്കാർക്ക് ലഭ്യമാകും. അതേസമയം റിയൽ എസ്റ്റേറ്റ്, സ്റ്റോക്ക് മാർക്കറ്റ് പോലുള്ള മേഖലകളിൽ പുതിയ നിക്ഷേപങ്ങൾ നടത്താനും ഇത് വഴി സാധിക്കും.

കൂടാതെ പരമ്പരാഗത ബാങ്കിങ് സേവനങ്ങൾ ലഭ്യമല്ലാത്തവർക്കും ഈ ഡിജിറ്റൽ ദിർഹം ഉപയോഗിക്കാൻ സാധിക്കും. ബാങ്കുകൾക്ക് പുറമേ എക്‌സ്‌ചേഞ്ച് ഹൗസുകൾ, ഫിൻടെക് ആപ്പുകൾ, ഡിജിറ്റൽ ദിർഹം വാലറ്റുകൾ എന്നിവ വഴിയും ലഭ്യമാകും. ഇത് കൂടുതൽ ആളുകളിലേക്ക് സാമ്പത്തിക സേവനങ്ങൾ എത്തിക്കാനും സഹായിക്കുന്നു.

കാർഡുകളോ പണമോ ഇല്ലാതെ തന്നെ യൂട്ടിലിറ്റി ബില്ലുകൾ അടയ്ക്കാനും ഷോപ്പിംഗ് നടത്താനും സ്കൂൾ ഫീസ് അടയ്ക്കാനും ഇത് വഴി സാധിക്കും. ഡിജിറ്റൽ ദിർഹം ഉപയോഗിച്ച് ടാപ്പ് ചെയ്ത് വേഗത്തിൽ പണമിടപാടുകൾ നടത്താം ഒപ്പം സുരക്ഷിതവും എളുപ്പവുമായ ഒരു പണം ഇടപാടുകൾ നടത്താനുള്ള സംവിധാനമായി മാറ്റം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *