Posted By greeshma venugopal Posted On

ഗൾഫിൽ പരീക്ഷയെഴുതാൻ അപാർ വേണ്ട; സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് ആശ്വാസം

ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപാർ (APAAR ) നമ്പർ ആവശ്യമില്ലെന്ന് സി ബി എസ് ഇ. വിവിധ രാജ്യങ്ങളിലെ ഭരണപരമായ കാരണങ്ങളും നിയമങ്ങളും കൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തതെന്ന് അധികൃതർ അറിയിച്ചു. അപാർ നമ്പർ വേണ്ട എന്ന തീരുമാനം സി ബി എസ് ഇ സിലബസ് അനുസരിച്ച് ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന കുട്ടികൾക്ക് ആശ്വാസമാകും.

ഈ അക്കാദമിക് വർഷം മുതൽ പരീക്ഷാ രജിസ്ട്രേഷനിൽ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പ‍ർ നിർബന്ധമാക്കിയതായി നേരത്തെ സി ബി എസ് ഇ അറിയിച്ചിരുന്നു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണമെന്നും 10, 12 ബോർഡ് പരീക്ഷകൾക്കു റജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നായിരുന്നു നിർദേശം.

അപാർ ഐഡി സൃഷ്ടിക്കുന്നതിന്, വിദ്യാർത്ഥികൾ പേര്, പ്രായം, ജനനത്തീയതി, ലിംഗഭേദം, ഫോട്ടോ, ആധാർ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ നൽകണം. എന്നാൽ വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ പലർക്കും ആധാർ ഇല്ല. പ്രവാസി ഇന്ത്യക്കാർക്ക് (എൻ ആർ ഐ) ആധാർ കാർഡ് നിർബന്ധമല്ലാത്തതിനാൽ, മിക്ക ഇന്ത്യൻ പ്രവാസികളും അവർക്കൊപ്പം പ്രവാസ രാജ്യത്ത് തന്നെ പഠിക്കുന്ന കുട്ടികളും ആധാർ കാർഡ് എടുത്തിട്ടില്ല.

അത് കൊണ്ട് തന്നെ വിദ്യാർത്ഥികൾക്ക് അപാർ നമ്പർ എടുക്കാൻ കഴിയില്ല. യു എ ഇയിലെ സി ബി എസ് ഇ സ്കൂളുകളിൽ പഠിക്കുന്ന ഇന്ത്യൻ പൗരർ അല്ലാത്ത വിദ്യാർത്ഥികളുമുണ്ട്. അവർക്കും ആധാർ ഇല്ലാത്തതിനാൽ അപാർ ഐഡി ഉണ്ടാക്കാൻ സാധിക്കില്ല.

ഇന്ത്യയ്ക്ക് പുറത്തുള്ള സി ബി എസ് ഇ സ്കൂളുകളിൽ ഇപ്പോൾ അപാ‍ർ ഐഡി സംബന്ധിച്ച് ഒരു നടപടിയും സ്വീകരിക്കേണ്ടതില്ലെന്ന അറിയിപ്പ് ലഭിച്ചതായി ഷാർജയിലെ സി ബി എസ് ഇ സ്കൂൾ അധികൃതർ വ്യക്തമാക്കി.

ഇത് സംബന്ധിച്ച സർക്കുലർ സ്കൂളുകൾക്ക് ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനി മാതാപിതാക്കൾക്കും കുട്ടികൾക്കും ആശങ്ക വേണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഓരോ വിദ്യാർഥിക്കും ജീവിതകാലം മുഴുവൻ ഉപയോഗിക്കാവുന്ന 12 അക്ക ഐഡിയാണ് അപാർ. ഇതു പരിശോധിച്ചാൽ പരീക്ഷാഫലങ്ങൾ, അക്കാദമിക് ബാങ്ക് ക്രെഡിറ്റ്, സ്കോളർഷിപ്പുകൾ അടക്കം വിദ്യാർഥിയുടെ പഠനവുമായി ബന്ധപ്പെട്ട സകല വിവരങ്ങളും ലഭ്യമാകും. ഇത് ഇന്ത്യയിലെ എല്ലാ സി ബി എസ് ഇ സ്കൂളിലെയും വിദ്യാർത്ഥികൾ നിർബന്ധമായും എടുത്തിതിരിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *