
ഇനി വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താം; ദുബായ് മെട്രോയിൽ പുതിയ റൂട്ട്
ദുബായിലെ പ്രവാസികളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മെട്രോ. വേഗതയിലും കാര്യക്ഷമതയിലും ലോകോത്തര നിലവാരമുള്ളതാണെങ്കിലും, തിരക്കേറിയ സമയങ്ങളിൽ ദുബായ് മെട്രോ പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം ആയാണ് ഇപ്പോൾ RTA അധികൃതർ രംഗത്തെത്തിയിരിക്കുന്നത്.
ദുബായ് മെട്രോ റെഡ് ലൈനിൽ പുതിയ സർവീസുകൾ ആരംഭിച്ചു. തിരക്ക് കുറയ്ക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഈ പുതിയ സംവിധാനം സെന്റർപോയിന്റ് സ്റ്റേഷനിൽ നിന്ന് അൽ ഫർദാൻ എക്സ്ചേഞ്ച് സ്റ്റേഷനിലേക്ക് നേരിട്ടുള്ള റൂട്ട് തുറക്കുന്നു. ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം നൽകുന്നു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ ഒരു പരിധി വരെ പരിഹാരമാകും.
ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ആണ് പുതിയ സർവീസുകൾ ആരംഭിച്ചതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്. മെട്രോ ശൃംഖല ശക്തിപ്പെടുത്തുന്നതിനും യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. പുതിയ സർവീസ് നിലവിൽ വന്നതോടെ റെഡ് ലൈനിൽ ആകെ മൂന്ന് റൂട്ടുകളാണുള്ളത്. സെന്റർപോയിന്റിൽ നിന്ന് എക്സ്പോ സിറ്റി ദുബായ്, സെന്റർപോയിന്റിൽ നിന്ന് ലൈഫ് ഫാർമസി സ്റ്റേഷൻ എന്നിവയാണ് മറ്റ് രണ്ട് റൂട്ടുകൾ.
നേരത്തെ സെന്റർപോയിന്റ് സ്റ്റേഷനും എക്സ്പോ സിറ്റി സ്റ്റേഷനും ഇടയിൽ നേരിട്ടുള്ള റൂട്ട് ആർ.ടി.എ അവതരിപ്പിച്ചിരുന്നു. ഇനി എക്സ്പോ സിറ്റി ദുബായിലേക്കോ ലൈഫ് ഫാർമസി സ്റ്റേഷനിലേക്കോ പോകുന്ന യാത്രക്കാർക്ക് ജെബൽ അലി മെട്രോ സ്റ്റേഷനിൽ ട്രെയിൻ മാറേണ്ടതില്ല. സെന്റർപോയിന്റിൽ നിന്ന് നേരിട്ട് ട്രെയിനിൽ കയറാൻ സാധിക്കുന്നതിനാൽ സമയം ലാഭിക്കാനും കാലതാമസം ഒഴിവാക്കാനും കഴിയും.
Comments (0)