
വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം ; അല്ലങ്കിൽ പിഴ കിട്ടുക ഡ്രൈവർമാർക്ക്
വാഹനത്തിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണമെന്നുള്ളത് 2017 മുതൽ യു എ ഇയിൽ ഉള്ള നിയമമാണ്. ഇത് പാലിക്കാൻ ആളുകൾ തയ്യാറാകാതെ വരുമ്പോൾ യഥാർത്ഥത്തിൽ ‘പണി’ കിട്ടുന്നത് ഡ്രൈവർക്കാണ്. വാഹനത്തിൽ യാത്രക്കാർ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയാൽ അതിന്റെ പൂർണമായ ഉത്തരവാദിത്വം ഡ്രൈവറുടേതാണെന്നാണ് യു എ എയിലെ നിയമം. അത് കൊണ്ട് യാത്രക്കാർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും അതിന്റെ പിഴ നൽകേണ്ടത് ഡ്രൈവറായിരിക്കും.
കഴിഞ്ഞ വർഷം 44,018 പേർക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമത്തെപ്പറ്റി പൊതുജനങ്ങളെ അധികൃതർ ഓർമപ്പെടുത്തിയത്. വാഹനത്തിന് മുന്നിലും, പിന്നിലുമുള്ള എല്ലാ യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കേണ്ടത് നിർബന്ധമാണ്. കുട്ടികളുടെ പ്രായത്തിനനുസരിച്ചുള്ള സുരക്ഷാ സംവിധാനങ്ങൾ വാഹനത്തിനുള്ളിൽ ക്രമീകരിക്കണമെന്നും യു എ ഇ നിയമം പറയുന്നു.
യു എ ഇയിൽ അടുത്തിടെ നടത്തിയ പഠനത്തിൽ 20% ഡ്രൈവർമാരും മുൻസീറ്റ് യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നില്ല എന്നാണ് കണ്ടെത്തിയത്. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവരിൽ 50% ത്തിൽ അധികം ആളുകൾക്കും സീറ്റ് ബെൽറ്റ് ഇടാൻ താല്പര്യമില്ലെന്നും പഠനത്തിൽ പറയുന്നു. യു എ എയിലുണ്ടായ വാഹനാപകടങ്ങളിൽ നടത്തിയ പഠനത്തിൽ സീറ്റ് ബെൽറ്റുകൾ ഉപയോഗിച്ചത് കൊണ്ട് പ്രായപൂർത്തി ആയവരിൽ 40 മുതൽ 60 ശതമാനം വരെ ആളുകളുടെ ജീവൻ രക്ഷിക്കാനായി എന്നാണ് കണ്ടെത്തൽ.
അപകടങ്ങൾ കുറയ്ക്കാനും, സുരക്ഷിതമായി യാത്ര ചെയ്യാനും എല്ലാ ഡ്രൈവർമാരും യാത്രക്കാരും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് റോഡ് സുരക്ഷാ വിദഗ്ധനും റോഡ് സേഫ്റ്റി യുഎഇയുടെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ തോമസ് എഡൽമാൻ അഭ്യർത്ഥിച്ചു.


Comments (0)