
പ്രാദേശിക വിപണിയിൽ 1,019 മരുന്നുകളുടെ വില കുറച്ച് പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: പ്രാദേശിക വിപണിയിൽ 1,019 മരുന്നുകളുടെ വില കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം (MoPH) അറിയിച്ചു. ഈ മരുന്നുകൾക്ക് 15% മുതൽ 75% വരെയാണ് വില കുറച്ചിരിക്കുന്നത്.
ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, വേദനസംഹാരികൾ, വീക്കം കുറയ്ക്കുന്ന മരുന്നുകൾ, അർബുദ ചികിത്സയ്ക്കുള്ള മരുന്നുകൾ, ആൻറിബയോട്ടിക്കുകൾ, പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള മരുന്നുകൾ, അലർജി ചികിത്സ, വിഷാദരോഗത്തിനുള്ള മരുന്നുകൾ, മാനസികരോഗങ്ങൾക്കുള്ള മരുന്നുകൾ, ഉദരരോഗങ്ങൾക്കുള്ള മരുന്നുകൾ, ശരീരഭാരം കുറയ്ക്കുന്നതിനുള്ള മരുന്നുകൾ എന്നിങ്ങനെയുള്ള വിവിധതരം മരുന്നുകളുടെ വിലയാണ് കുറച്ചത്.
“ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മരുന്നുകളുടെ വില ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെന്റ് പതിവായി വിലയിരുത്താറുണ്ട്. കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മരുന്നുകളുടെ വില കുറയ്ക്കുന്നതിനാണ് ഞങ്ങൾ പ്രാധാന്യം നൽകുന്നത്, പിന്നീട് എല്ലാ മരുന്നുകൾക്കും ഇത് വ്യാപിപ്പിക്കും,” എന്ന് മന്ത്രാലയത്തിലെ ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഡോ. ആയിഷ ഇബ്രാഹിം അൽ അൻസാരി പറഞ്ഞു.
എല്ലാ താമസക്കാർക്കും താങ്ങാനാവുന്ന വിലയിൽ ഗുണമേന്മയുള്ള മരുന്നുകൾ പ്രാദേശിക വിപണിയിൽ ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മന്ത്രാലയത്തിൻ്റെ പ്രതിബദ്ധത ഡോ. അൽ അൻസാരി ഊന്നിപ്പറഞ്ഞു. ഇത് ആരോഗ്യമേഖലയിലെ സുസ്ഥിര വികസനത്തിന് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
മരുന്നുകളുടെ വില നിർണ്ണയിക്കുന്നത്, അവ ഖത്തറിൽ രജിസ്റ്റർ ചെയ്യുന്ന സമയത്തുള്ള ഉത്പാദനച്ചെലവ്, അംഗീകൃത റെഫറൻസ് വിലകൾ, പ്രാദേശിക വിപണിയിൽ ലഭ്യമായ മറ്റ് മരുന്നുകളുടെ വില എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ് എന്നും ഡോ. അൽ അൻസാരി വിശദീകരിച്ചു.
Comments (0)