
രാജ്യത്തെ നടുക്കിയ വിഷമദ്യ ദുരന്തം ; മരിച്ചവരിൽ ഭൂരിഭാഗവും ഇന്ത്യക്കാർ
രാജ്യത്ത് വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 23 ആയി. 31 പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും ഇന്ത്യക്കാരാണെന്ന് സൂചനയുണ്ട്. കണ്ണൂർ സ്വദേശി ഉൾപ്പെടെ ആറ് മലയാളികൾ മരിച്ചതായാണ് ലഭിക്കുന്ന പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കരുതുന്നു. ആകെ 160 പേരാണ് ചികിത്സ തേടിയത്. ഇതിൽ 51 പേരുടെ വൃക്കകൾക്ക് തകരാർ സംഭവിച്ചു. അതിനാൽ, ഡയാലിസിസ് ആവശ്യമായി വന്നിട്ടുണ്ട്. 31 പേർ വെന്‍റിലേറ്ററിന്‍റെ സഹായത്തിലാണ് കഴിയുന്നത്.
കൂടാതെ, 21 പേർക്ക് കാഴ്ച നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തെത്തുടർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മദ്യനിരോധനം നിലവിലുള്ളതിനാൽ മരിച്ചവരുടെ വിവരങ്ങൾ പുറത്തുവിടുന്നതിൽ കർശന നിയന്ത്രണങ്ങളുണ്ട്. ഇന്ത്യൻ എംബസി ദുരന്തകാരണം വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല. 40 ഇന്ത്യക്കാർ ചികിത്സയിലുണ്ടെന്ന് മാത്രമാണ് എംബസി നൽകിയ ഔദ്യോഗിക വിവരം.
Comments (0)