Posted By Nazia Staff Editor Posted On

woman pedestrian dies;ബ്രേക്കിനു പകരം ആക്‌സിലേറ്ററിൽ അമർത്തി:ഒടുവിൽ സംഭവിച്ചത്

woman pedestrian dies;ദുബൈ: ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ അമർത്തി വഴിയാത്രക്കാരിയായ യുവതിയെ ഇടിച്ചുകൊലപ്പെടുത്തിയ ഏഷ്യൻ വംശജനായ ഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്തു. ഇതിനു പുറമേ പതിനായിരം ദിർഹം പിഴ അടയ്ക്കാനും രണ്ട് ലക്ഷം ദിർഹം ബ്ലഡ് മണിയായി യുവതിയുടെ കുടുംബത്തിന് നൽകാനും കോടതി ഉത്തരവിട്ടു. നിയന്ത്രണം വിട്ട വാഹനം റോഡിൽ നിന്ന് നടപ്പാതയിലേക്ക് കയറി ബസ് സ്റ്റോപ്പിൽ ബസ് കാത്തിരിക്കുകയായിരുന്ന ഏഷ്യൻ വനിതയെ ഇടിക്കുകയായിരുന്നു. പരുക്കേറ്റ യുവതി പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.

അശ്രദ്ധമായി വാഹനം ഓടിച്ചതിന് ദുബൈ പബ്ലിക് പ്രോസിക്യൂഷൻ ഇയാൾക്കെതിരെ കുറ്റം ചുമത്തി ശിക്ഷ വിധിച്ചിരുന്നു. ബ്ലഡ് മണി മരിച്ച സ്ത്രീയുടെ കുടുംബത്തിന് നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. അപ്പീൽ നൽകാൻ അവസരം ഉണ്ടായിരുന്നെങ്കിലും പ്രതി അപ്പീൽ കോടതിയെ സമീപിച്ചിരുന്നില്ല.

മരിച്ച സ്ത്രീയുടെ കുടുംബം ഡ്രൈവർക്കും ഇൻഷുറൻസ് കമ്പനിക്കുമെതിരെ സിവിൽ കേസ് ഫയൽ ചെയ്തിരുന്നു. നഷ്ട പരിഹാരമായി 500,000 ദിർഹം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു യുവതിയുടെ കുടുംബം കേസ് ഫയൽ ചെയ്തത്. 

മരിച്ച സ്ത്രീയായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ ഏക വരുമാന മാർഗം എന്നും യുവതിയുടെ മരണത്തിന് ശേഷം കടുത്ത ബുദ്ധിമുട്ടിലൂടെയാണ് കുടുംബം കടന്നുപോകുന്നതെന്നും ഇവർ കോടതിയെ അറിയിച്ചിരുന്നു. ഒരു കേസിന്റെ വസ്തുതകളിൽ ക്രിമിനൽ കോടതികൾ അന്തിമ വിധി പറയുമ്പോൾ, സിവിൽ കോടതിയുടെ കണ്ടെത്തലുകൾ പരിശോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഡ്രൈവറുടെ ഭാ​ഗത്ത് നിന്ന് തെറ്റ് സംഭവിച്ചെന്ന കാര്യം ക്രിമിനൽ കോടതി കണ്ടെത്തിയതാണെന്നും ഇയാൾക്കെതിരെ വിധി പുറപ്പെടുവിച്ചതാണെന്നും സിവിൽ കോടതി പറഞ്ഞു. 

ഡ്രൈവറുടെ അശ്രദ്ധ മൂലം മൂന്നാം കക്ഷി മരിക്കുമ്പോൾ, ബ്ലഡ് മണിയും അധിക നഷ്ടപരിഹാരവും ഉൾപ്പെടെ വാഹന ഉടമകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നികത്താൻ ഇൻഷുറൻസുകൾ ബാധ്യസ്ഥരാണെന്ന് ഇമാറാത്തി നിയമശാസ്ത്രത്തിൽ പറയുന്നതായി ജഡ്ജിമാർ ചൂണ്ടിക്കാട്ടി. 

മരണസമയത്ത് മരിച്ചയാൾ ആശ്രിതരെ പിന്തുണച്ചിരുന്നുവെന്ന് തെളിയിക്കപ്പെടുകയും, അത്തരം പിന്തുണ തുടരുമെന്ന് ന്യായമായ പ്രതീക്ഷയുണ്ടാകുകയും ചെയ്യുമ്പോൾ നഷ്ടപരിഹാരം നൽകേണ്ടത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി. അവകാശികൾക്ക് ഉണ്ടായ ഭൗതികവും ധാർമ്മികവുമായ നാശനഷ്ടങ്ങൾക്ക് 50,000 ദിർഹം അധിക നഷ്ട പരിഹാരത്തിനും അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *