
സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സൂചന ബോർഡുകൾ സ്ഥാപിച്ച് ഖത്തർ ഗതാഗത മന്ത്രാലയം
സ്കൂൾ പരിസരങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഖത്തർ ഗതാഗത മന്ത്രാലയം (MoT) പുതിയ റോഡ് സുരക്ഷാ നിയമങ്ങൾ പ്രഖ്യാപിച്ചു.വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന സ്കൂൾ മേഖലകളിൽ, “വേഗം കുറയ്ക്കുക”, “കാൽ നട യാത്രക്കാർക്ക് മുൻഗണന”, “പരമാവധി വേഗം 30 കിമീ/മണിക്കൂർ” തുടങ്ങിയ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
പബ്ലിക് വർക്ക്സ് അതോറിറ്റി (Ashghal) നടപ്പിലാക്കിയ School Zone Safety Programme പ്രകാരം രാജ്യത്തെ 673 സ്കൂളുകളിൽ 611 എണ്ണം ഇതിനകം സുരക്ഷാ സൗകര്യങ്ങൾ വീണ്ടും പുതുക്കി. കാൽനട യാത്രക്കാർക്ക് സുരക്ഷിതമായ ക്രോസിംഗ് മാർക്കിംഗുകൾ, റോഡ് റെയിലിംഗ്, സ്പീഡ് ബ്രേക്കർ, ദിശാബോർഡുകൾ, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങൾ ഇതിനകം തന്നെ ഒരുക്കിയിട്ടുണ്ട്
കഴിഞ്ഞ വർഷം പൊലീസും Ashghal-വും Mowasalat (Karwa)-യും ചേർന്ന് സമഗ്രമായ ട്രാഫിക് സുരക്ഷാ പദ്ധതി നടപ്പിലാക്കിയിരുന്നു. 3.6 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ, കുട്ടികളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം, 3,000-ലധികം പുതിയ സ്കൂൾ ബസ്സുകളും സർവീസിൽ എത്തിച്ചു. ജിപിഎസ് ട്രാക്കിംഗ്, സിസിടിവി, ഓട്ടോമാറ്റിക് ഫയർ സിസ്റ്റം, ഡോർ സെൻസർ, ഡ്രൈവർ നിരീക്ഷണം തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Comments (0)