ഖത്തർ ഉന്നതതല സംഘം ന്യൂഡൽഹിയിൽ ; ഇന്ത്യ- ഖത്തർ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തീരുമാനം

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ തീരുമാനം. ഇന്ത്യ -ഖത്തർ സംയുക്ത നിക്ഷേപ സംഘം ഇത് സംബന്ധിച്ച് ചർച്ച നടത്തി. ഖത്തർ വിദേശവ്യാപാര -വാണിജ്യ വകുപ്പു സഹമന്ത്രി ഡോ. അഹ്മദ് ബിൻ മുഹമ്മദ് അൽ സഈദിന്റെ നേതൃത്വത്തിലാണ് ഖത്തർ ഉന്നതതല സംഘം ന്യൂഡൽഹിയിലെത്തിയത്. ​ഇന്ത്യൻ വാണിജ്യവകുപ്പു മന്ത്രി പിയൂഷ് ഗോയൽ, ധനമന്ത്രി നിർമല സീതാരാമൻ, ധനവകുപ്പു സഹമന്ത്രി പങ്കജ് ചൗധരി, ഇന്ത്യൻ ഇൻഡസ്ട്രി കോൺഫെഡറേഷൻ കൗൺസിൽ ചെയർമാൻ രാജീവ് മേമാനി തുടങ്ങിയവരുമായി സംഘം ചർച്ച നടത്തി.

ഗതാഗതം, ലോജിസ്റ്റിക്സ്, ധനനിക്ഷേപ പദ്ധതികൾ, ഭക്ഷ്യസുരക്ഷ, കൃഷി തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. പൊതു-സ്വകാര്യ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള പ്രാദേശിക സഹകരണവും സാമ്പത്തിക-വ്യാപാര-നിക്ഷേപ ബന്ധവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഉഭയകക്ഷി ബന്ധങ്ങളിൽ സഹകരണത്തിനുള്ള വഴികൾ വിപുലീകരിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *