
വിദേശ വ്യാപാര മേഖലയിൽ ഖത്തറിന്റെ കുതിപ്പ്
വിദേശരാഷ്ട്രങ്ങളുമായുള്ള ഖത്തറിന്റെ വ്യാപാരത്തിൽ കുതിപ്പു രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 476 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളാണ് നടന്നത്. ഏഷ്യൻ രാഷ്ട്രങ്ങളാണ് ഖത്തറിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികൾ. നാഷനൽ പ്ലാനിങ് കൗൺസിലാണ് കയറ്റുമതി, ഇറക്കുമതി വ്യാപാരങ്ങളെ കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ പങ്കുവെച്ചത്. ഇതുപ്രകാരം 2024 വർഷത്തിൽ വിദേശരാഷ്ട്രങ്ങളുമായി 476.28 ബില്യൺ ഖത്തർ റിയാൽ മൂല്യമുള്ള വ്യാപാരമാണ് ഖത്തർ നടത്തിയത്. മുൻ വർഷം ഇത് 470.22 ബില്യൺ റിയാൽ ആയിരുന്നു. 1.3 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഏഷ്യൻ രാഷ്ട്രങ്ങളും യൂറോപ്യൻ യൂനിയനുമാണ് രാജ്യത്തിന്റെ പ്രധാന വ്യാപാര പങ്കാളികൾ. ഏഷ്യൻ രാഷ്ട്രങ്ങളുമായി 319 ബില്യൺ റിയാലിന്റെ ഇടപാടുകളാണ് നടന്നത്. രാജ്യത്തിന്റെ ആകെ കയറ്റുമതിയുടെ 77 ശതമാനവും നടന്നത് ഏഷ്യയിലേക്കാണ്. ഏകദേശം 267 ബില്യൺ റിയാൽ മൂല്യമുള്ള കയറ്റുമതിയാണ് രേഖപ്പെടുത്തിയത്.
52 ബില്യൺ റിയാലാണ് ഏഷ്യൻ രാഷ്ട്രങ്ങളിൽനിന്നുള്ള ഇറക്കുമതി. ഏഷ്യയുമായുള്ള ട്രേഡ് സർപ്ലസ് 214 ബില്യൺ റിയാൽ. അതേസമയം, യൂറോപ്യൻ രാഷ്ട്രങ്ങളുമായി വ്യാപാരക്കമ്മിയാണ് രാജ്യത്തിനുള്ളത്. ആകെ നടന്നത് 60 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളാണ്. ഇവിടേക്കുള്ള കയറ്റുമതി 27.9 ബില്യൺ റിയാലാണ്. ഇറക്കുമതി 32.9 ബില്യൺ റിയാലും. ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന ആകെ ചരക്കുകളുടെ 25 ശതമാനവും യൂറോപ്യൻ യൂനിയനിൽനിന്നാണ്. വ്യാപാരത്തിൽ ജി.സി.സി രാഷ്ട്രങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. അമേരിക്ക നാലാമതും. 52 ബില്യൺ റിയാലാണ് ഗൾഫ് രാഷ്ട്രങ്ങളുമായുള്ള ഖത്തറിന്റെ വ്യാപാരം. യു.എസുമായി 22.3 ബില്യൺ റിയാൽ മൂല്യമുള്ള ഇടപാടുകളും നടന്നു.
Comments (0)