Posted By Nazia Staff Editor Posted On

RBI Revises ATM Transaction Rates Expatriates;എടിഎം ഇടപാട് നിരക്കുകള്‍ പരിഷ്‌കരിച്ച് ആര്‍ബിഐ; യുഎഇയിലെ പ്രവാസികളെയും ബാധിക്കും, എങ്ങനെയെന്നല്ലേ… 

RBI Revises ATM Transaction Rates Expatriates;യുഎഇയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ 2025 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന എടിഎം ഇടപാട് നിരക്കുകളില്‍ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എടിഎം ഫീസ് ഘടന പരിഷ്‌കരിച്ചതിനെ തുടര്‍ന്നാണിത്. സൗജന്യ ഇടപാട് പരിധിക്കപ്പുറം പണം പിന്‍വലിക്കുന്നതിനുള്ള നിരക്കുകള്‍ വര്‍ധിപ്പിച്ചു.

കൂടാതെ, ഓരോ മാസവും അനുവദിക്കുന്ന സൗജന്യ പിന്‍വലിക്കലുകളുടെ എണ്ണം ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. മെട്രോപൊളിറ്റന്‍, നോണ്‍-മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ക്ക് വ്യത്യസ്ത പരിധികളാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയിലേക്കുള്ള യാത്രകളില്‍ നിങ്ങളുടെ എടിഎം ഉപയോഗത്തെ ഈ മാറ്റങ്ങള്‍ ബാധിച്ചേക്കാം. അതിനാല്‍ അധിക ചെലവുകള്‍ ഒഴിവാക്കാന്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഇതര പേയ്മെന്റ് രീതികള്‍ പരിഗണിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.

2025 മെയ് 1 മുതല്‍ ആര്‍ബിഐയുടെ പുതുക്കിയ എടിഎം ഇടപാട് നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതോടെ അധിക ഇടപാടുകള്‍ക്ക് ഉയര്‍ന്ന ഫീസ് ഏര്‍പ്പെടുത്തുകയും ഓരോ മാസവും അനുവദിക്കുന്ന സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ എണ്ണത്തില്‍ മാറ്റം വരുത്തുകയും ചെയ്യും.

സൗജന്യ ഉപയോഗ പരിധിക്ക് ശേഷമുള്ള ഓരോ ഇടപാടിനും ഇനി ഉപഭോക്താക്കളില്‍ നിന്ന് പരമാവധി 23 രൂപ ഈടാക്കും. മുമ്പിത് 21 രൂപയായിരുന്നു. എടിഎമ്മുകളിലെ സാമ്പത്തിക, സാമ്പത്തികേതര ഇടപാടുകള്‍ക്കും, ക്യാഷ് റീസൈക്ലര്‍ മെഷീനുകളിലും ഇത് ബാധകമാണ്. 

പുതുക്കിയ ചട്ടങ്ങള്‍:

  • മെട്രോ പ്രദേശങ്ങളില്‍: മറ്റ് ബാങ്ക് എടിഎമ്മുകളില്‍ പ്രതിമാസം 3 സൗജന്യ ഇടപാടുകള്‍.
  • മെട്രോ നഗരങ്ങള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ : മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ പ്രതിമാസം 5 സൗജന്യ ഇടപാടുകള്‍.
  • എല്ലാ സ്ഥലങ്ങളിലുമുള്ള നിങ്ങളുടെ സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ നിന്ന് പ്രതിമാസം 5 സൗജന്യ ഇടപാടുകള്‍.

ഈ പരിധികള്‍ സാമ്പത്തിക (പിന്‍വലിക്കലുകള്‍, നിക്ഷേപങ്ങള്‍) ഇടപാടുകള്‍ക്കും സാമ്പത്തികേതര ഇടപാടുകള്‍ക്കും ബാധകമാണ്. എല്ലാ ബാങ്കുകളിലും ഓപ്പറേറ്റര്‍മാരിലും ബാധകമാണ്. പുതിയ ഫീസ് ഘടന എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ക്കും (ആര്‍ആര്‍ബി), സഹകരണ ബാങ്കുകള്‍ക്കും, അംഗീകൃത എടിഎം നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്കും, വൈറ്റ്-ലേബല്‍ എടിഎം ഓപ്പറേറ്റര്‍മാര്‍ക്കും ബാധകമാണ്.

ബാങ്കുകളുടെ ഉടമസ്ഥതയിലുള്ളതല്ലാത്ത എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ബാങ്കുകള്‍ക്കിടയില്‍ ഈടാക്കുന്ന ഇന്റര്‍ചേഞ്ച് ഫീസ്, സാമ്പത്തിക ഇടപാടുകള്‍ക്ക് 19 രൂപയും സാമ്പത്തികേതര ഇടപാടുകള്‍ക്ക് 7 രൂപയും ആയി തുടരുന്നു.

2025 ജനുവരിയിലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ രാജ്യവ്യാപകമായി 1,30,902 ഓണ്‍-സൈറ്റ് എടിഎമ്മുകളും 85,804 ഓഫ്-സൈറ്റ് എടിഎമ്മുകളും CRM-കളുമുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *