
പൊതു ബസുകളിൽ സീറ്റ് സംവരണം പ്രഖ്യാപിച്ച് ആർടിഎ
എമിറേറ്റിലെ പൊതുബസുകളിലെ മുൻസീറ്റുകളിൽ സംവരണം ഏർപ്പെടുത്തുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) അധികൃതർ പ്രഖ്യാപിച്ചു. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികളുമായി കയറുന്ന അമ്മമാർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക. പൊതുഗതാഗതം സുരക്ഷിതവും സൗകര്യപ്രദവുമാക്കുകയാണ് പ്രധാന ലക്ഷ്യം. സഹായം ആവശ്യമുള്ളവർക്ക് മികച്ച സുഖസൗകര്യങ്ങളോടെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് പുതിയ സംരംഭത്തിലൂടെഉറപ്പാക്കും. അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഇരിപ്പിടങ്ങളിൽ മുൻഗണന നൽകാനുള്ള പുതിയ തീരുമാനം.
നഗരത്തിലെ സംയോജിത ഗതാഗത ശൃംഖലയുടെ അവിഭാജ്യ ഘടകമാണ് പൊതു ബസുകൾ. നിലവിൽ 187 റൂട്ടുകളിലായി 1390- ലേറെ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം 11000 യാത്രകളിലൂടെ അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് മികച്ച യാത്രാസേവനങ്ങളും നൽകുന്നു. നിശ്ചയദാർഢ്യമുള്ളവർക്കായി സമാനതകളില്ലാത്ത സുരക്ഷയും സൗകര്യങ്ങളുമാണ് ബസുകളിലുള്ളത്. പൊതുഗതാഗത സേവനങ്ങൾ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് യാത്രാ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നുമുണ്ട്. വേനൽക്കാലം കണക്കിലെടുത്ത് 893 ശീതികരിച്ച ബസുകാത്തിരിപ്പുകേന്ദ്രങ്ങൾ അടുത്തിടെ സജ്ജമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രാസമയം കുറയ്ക്കാനും ബസിനും ടാക്സിക്കുമായി പാതകൾ നിർമിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പൊതു ബസ് സേവനങ്ങൾ മെച്ചപ്പെടുത്താനായി പുതുതായി ഒൻപതുവീതം എക്സ്പ്രസ് റൂട്ടുകളും മെട്രോ ലിങ്ക് സർവീസുകളും നാല് ടാക്സി റൂട്ടുകളും ആരംഭിച്ചു. ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പുതിയ സർവീസുകൾ ആരംഭിച്ചത്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v
Comments (0)