
മെട്രോ ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ആർ.റ്റി.എ
എമിറേറ്റിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രഖ്യാപിച്ച ദുബായ് മെട്രോ ബ്ലൂ ലൈനുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). 2009 സെപ്റ്റംബർ ഒൻപതിന് തുറന്ന മെട്രോ റെഡ് ലൈനിന്റെ 20-ാമത് വാർഷികത്തോട് അനുബന്ധിച്ച് 2029 സെപ്റ്റംബർ ഒൻപതിനാണ് ബ്ലൂ ലൈൻ ആരംഭിക്കുക. പ്രധാന റെസിഡൻഷ്യൽ, കൊമേഴ്സ്യൽ മേഖലകളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും 30 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ മെട്രോ പാത. ഏകദേശം 10 ലക്ഷം ആളുകൾക്കിത് സേവനം നൽകും. 15 ആഗോള ഇൻഫ്രാസ്ട്രക്ചർ സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടുന്ന, 2050 കോടി ദിർഹം ചെലവുവരുന്ന അന്താരാഷ്ട്ര പദ്ധതിയാണിത്. ചൈനീസ് കമ്പനികളായ മാപ, ലിമാക്, സിആർആർസി എന്നിവയുടെ കരാറും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്.
നിലവിലുള്ള റെഡ്, ഗ്രീൻ പാതകളുമായി തടസ്സമില്ലാത്ത സംയോജനം ഉറപ്പാക്കാൻ രൂപകൽപ്പന ചെയ്ത രണ്ട് പ്രധാന റൂട്ടുകൾ ബ്ലൂ ലൈനിലുണ്ടാകും. അൽ ഖോറിനെ (ഗ്രീൻ ലൈൻ) അക്കാദമിക് സിറ്റിയുമായി ബന്ധിപ്പിക്കുന്നതാണ് ഒരു റൂട്ട്. 10 സ്റ്റേഷനുകളുള്ള 21 കിലോമീറ്റർ സെക്ഷനാണിത്. അൽ ജെദ്ദാഫിലെ ഗ്രീൻ ലൈൻ അൽ ഖോർ ഇന്റർചേഞ്ച് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് ക്രീക്ക് ഹാർബർ എന്നിവയിലൂടെ കടന്നുപോകും. റാസൽഖോർ, ഇന്റർനാഷണൽ സിറ്റി വൺ, ഇന്റർനാഷണൽ സിറ്റി രണ്ട്, മൂന്ന്, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവയിലൂടെയും ബ്ലൂ ലൈനുണ്ടാകും. അൽ റുവായിയ മൂന്നിലായിരിക്കും അവസാനിക്കുക.
ദുബായിലെ ഏറ്റവുംകൂടുതൽ ജനസാന്ദ്രതയുള്ളതും വേഗത്തിൽ വളരുന്നതുമായ പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ബ്ലൂലൈനിലെ റൂട്ടുകൾ തിരഞ്ഞെടുത്തതെന്ന് അൽ തായർ വ്യക്തമാക്കി.തിനുപുറമേ ബ്ലൂലൈനിന് ഒട്ടേറെ സവിശേഷതകളുണ്ട്. ദുബായ് ക്രീക്കിന് മുകളിലൂടെയുള്ള 1.3 കിലോമീറ്റർ പാലം മെട്രോയ്ക്കായി ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ബുർജ് ഖലീഫ, ഷിക്കാഗോയിലെ വില്ലിസ് ടവർ എന്നിവയ്ക്കുപിന്നിൽ പ്രവർത്തിച്ച ലോകപ്രശംസ വാസ്തുവിദ്യാസ്ഥാപനമായ എസ്ഒഎം രൂപകല്പനചെയ്ത ദുബായ് ക്രീക്ക് ഹാർബറിലെ സ്റ്റേഷനാണ് മറ്റൊരു പ്രത്യേകത. 10,800 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ള ഈ സ്റ്റേഷൻ പ്രതിദിനം 1,60,000 യാത്രക്കാർക്ക് സേവനം നൽകും. ഇന്റർനാഷണൽ സിറ്റി വണ്ണിലെ ഏറ്റവുംവലിയ ഭൂഗർഭ ഇന്റർചേഞ്ച് സ്റ്റേഷൻ 44,000 ചതുരശ്രമീറ്ററിലേറെ വിസ്തൃതിയുള്ളതാണ്. ഇതാണ് മറ്റൊരു എൻജിനിയറിങ് അദ്ഭുതം. ഇവിടെ പ്രതിദിനം മൂന്നരലക്ഷം യാത്രക്കാരെ കൈകാര്യംചെയ്യാനുള്ള ശേഷിയുണ്ട്. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായാണ് ഇന്റർനാഷണൽ സിറ്റി പ്രദേശത്തെ കണക്കാക്കുന്നത്. റെസിഡൻഷ്യൽ, കൊമേഴ്സ്യൽ മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇവിടെ 2040 ആകുമ്പോഴേക്കും 10 ലക്ഷം താമസക്കാർക്ക് നേരിട്ട് മെട്രോ സേവനം നൽകുമെന്നും അദ്ദേഹം വിശദീകരിച്ചു. ബ്ലൂലൈനിൽ രണ്ട് ദിശകളിലേക്കുമായി മണിക്കൂറിൽ 46,000 യാത്രക്കാർക്ക് സേവനം നൽകാനാവും. രണ്ട് മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. 2030 ആകുമ്പോഴേക്കും രണ്ടുലക്ഷം പ്രതിദിനയാത്രക്കാരെയും 2040 ആകുമ്പോഴേക്കും 3,20,000 പ്രതിദിനയാത്രക്കാരെയും ഉൾക്കൊള്ളുന്നവിധത്തിലായിരിക്കും രൂപകല്പനയും പ്രവർത്തനവും.
ബ്ലൂലൈൻ പൂർത്തിയാകുമ്പോൾ മെട്രോയും ട്രാമും ഉൾപ്പെടെ ദുബായിയുടെ ട്രെയിൻ സംവിധാനം 78 സ്റ്റേഷനുകളോടെ 131 കിലോമീറ്റർ വ്യാപിക്കും. ലോകത്തെ ആദ്യത്തെ ദൈർഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ ശൃംഖലയുടെ ആസ്ഥാനമായി ദുബായ് മാറും. പ്രവർത്തനവും അറ്റകുറ്റപ്പണികളും നിയന്ത്രിക്കാൻ അൽ റുവയയ്യ മൂന്നിൽ ഒരു ട്രെയിൻ ഡിപ്പോയും അധികംതാമസിയാതെ നിർമിക്കും. ആകുമ്പോഴേക്കും ഗതാഗതക്കുരുക്ക് 20 ശതമാനം കുറയ്ക്കാനാണ് പുതിയ മെട്രോപാതയിലൂടെ ഉദ്ദേശിക്കുന്നത്. കൂടാതെ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ടുബന്ധിപ്പിക്കുന്നതിലൂടെ പ്രധാന സ്ഥലങ്ങൾക്കിടയിലെ യാത്രാസമയം 10 മിനിറ്റ് മുതൽ 25 മിനിറ്റ് വരെയായി കുറയും.
Comments (0)