Posted By greeshma venugopal Posted On

കാറുകളിൽ കറങ്ങി നടന്ന് മദ്യവിൽപ്പന; പൊലീസിനെ കണ്ടപ്പോൾ ഓടി രക്ഷപെട്ടു; പിടികൂടിയത് ഇന്ത്യൻ നിർമ്മിത മദ്യം; കുവൈത്തിൽ പരിശോധന ശക്തമാക്കി

വിഷ മദ്യ ദുരന്തത്തിന് പിന്നാലെ രാജ്യത്തുടനീളം വ്യാപക പരിശോധനയാണ് കുവൈത്ത് പൊലീസ് നടത്തുന്നത്. ലേബർ ക്യാമ്പുകൾ കേന്ദ്രികരിച്ച് രാത്രി വൈകിയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ റെയ്‌ഡിൽ വ്യത്യസ്ത സ്ഥലങ്ങളിലായി രണ്ട് കാറുകളിൽ നിറയെ മദ്യക്കുപ്പികൾ പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. പൊലീസ് വാഹനം കണ്ടതോടെ ഡ്രൈവർമാർ ഓടി രക്ഷപ്പെടുക ആയിരുന്നു. ഇവരെ ഉടൻ പിടികൂടുമെന്ന് കുവൈത്ത് പൊലീസ് വ്യക്തമാക്കി.

കുവൈത്തിലെ ജിലീബ് അൽ-ഷുയൂഖ് എന്ന പ്രദേശത്താണ് ആദ്യത്തെ സംഭവം നടന്നത്. അവിടെയുള്ള സ്കൂൾ പാർക്കിങ് ഗ്രൗണ്ടിൽ ഒരു വാഹനം സംശയാസ്പദമായ സാഹചര്യത്തിൽ നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസ് പരിശോധന നടത്താനായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ പൊലീസ് വാഹനം കണ്ടതോടെ കാറിന്റെ ഡ്രൈവർ അവിടെ നിന്ന് ഓടി രക്ഷപെടുക ആയിരുന്നു. ഇയാളുടെ വാഹനത്തിനുള്ളിൽ 109 കുപ്പി വിദേശ മദ്യം കണ്ടെത്തി.

വാഹനത്തിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാർ ഓടിച്ചിരുന്ന ആളെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ജലീബ് അൽ-ഷുയൂഖ് മേഖലയിൽ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ കൂടുതലായി നടക്കുന്നു എന്ന് നേരത്തെ കണ്ടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ഇതേ പ്രദേശത്തെ ഒരു ബാർബർ ഷോപ്പിന് സമീപം മറ്റൊരു കാർ നിർത്തിയിട്ടിരിക്കുന്നത് വെസ്റ്റ് അബ്ദുല്ല അൽ-മുബാറക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ പൊലീസിനെ കണ്ടതോടെ ഡ്രൈവർ കാർ ഉപേക്ഷിച്ചു രക്ഷപെടുകയായിരുന്നു. ഇയാൾ ഏഷ്യക്കാരനാണെന്ന് പൊലീസ് കണ്ടെത്തി. കാർ പരിശോധിച്ചപ്പോൾ അതിൽ 47 കുപ്പികൾ ഇന്ത്യൻ മദ്യം കണ്ടെത്തി. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതെ സമയം, വിഷ മദ്യം കഴിച്ചു ആശുപത്രിയിൽ തുടരുന്നവരുടെ കൂടുതൽ വിവരങ്ങൾ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. 160 പേർ ചികിത്സ തേടിയതായും ഇതിൽ 23 പേർ മരിച്ചതായ വിവരവും നേരത്തെ അധികൃതർ പുറത്ത് വിട്ടിരുന്നു. ചികിത്സയിൽ തുടരുന്നവരിൽ പലരും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിറുത്തുന്നത്. സംഭവത്തിൽ 21 പേർക്കാണ് കാഴ്ച നഷ്ടമായത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *