Posted By greeshma venugopal Posted On

ഷാർജയിൽ വൈദ്യുതിമേഖലയിൽ നവീകരണപദ്ധതികൾ

വൈദ്യുതിമേഖലയിൽ കൂടുതൽ നവീകരണപദ്ധതികൾ നടപ്പാക്കിക്കൊണ്ട് ഷാർജയിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നു. എമിറേറ്റിലെ പൗരർക്കും താമസക്കാർക്കും ഒരേപോലെ ഗുണകരമാകുന്നവിധത്തിലാണ് ഷാർജ ഇലക്‌ട്രിസിറ്റി വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) പദ്ധതി നവീകരണം പൂർത്തിയാക്കുന്നത്. ഉയർന്ന വോൾട്ടേജ് സംവിധാനത്തിനായുള്ള നെറ്റ്‌വർക്ക് നവീകരണമടക്കം പദ്ധതികളിൽ ഉൾപ്പെടും. ഷാർജയിലെ മധ്യമേഖലാ പ്രദേശങ്ങളിലുള്ള അൽ ദൈദ്, അൽ മദാം, അൽ ബതായെ ഉൾപ്പെടെ 15 കേന്ദ്രങ്ങളിൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചു.

ജനനന്മയ്ക്ക് ഊന്നൽനൽകിക്കൊണ്ട് ഈ മേഖലയിൽ ഗണ്യമായ പുരോഗതികൈവരിക്കുകയാണ് ലക്ഷ്യം. ഒപ്പം സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുകയുംചെയ്യും. മേഖലയിൽ വൈദ്യുതിശൃംഖലാ വികസനപദ്ധതികൾ പുരോഗമിക്കുകയാണെന്ന് സേവാ സെൻട്രൽ മേഖലാ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖലീഫാ മുഹമ്മദ് അൽ തുനൈജി പറഞ്ഞു. നവീകരണപദ്ധതിയുടെ ഭാഗമായി 81.7 കിലോമീറ്റർ കേബിൾ വിപുലീകരണപദ്ധതികളും പൂർത്തിയാക്കി. ഇതിലൂടെ ഊർജനഷ്ടം കുറയ്ക്കുകയും പവർ ഗ്രിഡിന്റെ കാര്യക്ഷമത കൂട്ടുകയുംചെയ്യും. വിപുലീകരണപദ്ധതികൾ പൂർത്തിയാക്കുമ്പോൾ എമിറേറ്റിലെ കാർഷിക, വ്യാവസായിക മേഖലകളുടെ സാമ്പത്തിക ഉന്നമനംകൂടി കണക്കിലെടുക്കുന്നുണ്ടെന്ന് ഖലീഫാ മുഹമ്മദ് അൽ തുനൈജി പറഞ്ഞു. ഓവർ ഹെഡ് പവർ ലൈനുകൾ കുറച്ച് ഭൂഗർഭകേബിളുകൾ സ്ഥാപിക്കുന്ന പദ്ധതികളും സേവ ആരംഭിച്ചു.

മധ്യമേഖലയിൽ ഒന്നിലധികം പുതിയ സബ് സ്റ്റേഷനുകളും സ്ഥാപിക്കുന്നുണ്ട്. ഡെയറി ഫാം, ഷാർജ സഫാരി, ഫ്രൈഡേ മാർക്കറ്റ്, ഗോതമ്പ് ഫാം, ജുബൈൽ മാർക്കറ്റ്, അൽ ദൈദ് സർവകലാശാല, ഫാൽക്കണേഴ്‌സ് ക്ലബ്, വൈൽഡ്‌ലൈഫ് മ്യൂസിയം, അൽ ദൈദ് പള്ളി, അൽ സഹ്‌വ, നിസ്‌വ സ്കൂളുകൾ തുടങ്ങിയിടങ്ങളുമായി ബന്ധിപ്പിച്ച ഒട്ടേറെ പദ്ധതികളും സേവ നടപ്പാക്കുന്നുണ്ട്. വൈദ്യുതിമേഖലയിൽ സുസ്ഥിരവളർച്ച ലക്ഷ്യമാക്കി അടിസ്ഥാനവികസനപദ്ധതികൾ നടപ്പാക്കുകയാണ് സേവ ലക്ഷ്യമിടുന്നത്.വാട്സാപ്പ് ചാനലിൽ അംഗമാകാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുകhttps://whatsapp.com/channel/0029Va8H6PULdQefnzlFSh0v

Comments (0)

Leave a Reply

Your email address will not be published. Required fields are marked *