Posted By Nazia Staff Editor Posted On

Dubai police: റോഡിലെ അഭ്യാസം ആരോ വീഡിയോ എടുത്ത് വൈറലാക്കി; യുഎഇയിൽ ഡ്രൈവർക്ക് കിട്ടി ഏട്ടിന്റെ പണി

Dubai police: ദുബൈ: അൽ ഇത്തിഹാദ് റോഡിൽ വാഹനം അപകടകരമായി  ലെയിനുകൾ മാറി ഓടിച്ച ഡ്രൈവർക്ക് 50000 ദിർഹം പിഴ ചുമത്തുകയും, വാഹനം കണ്ടുകെട്ടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദുബൈ പൊലിസ് വാഹനം പിടിച്ചെടുത്തതായി എമറാത്ത് അൽ യൗം റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നടന്ന  സംഭവത്തിന്റെ വീഡിയോയിൽ, വാഹനം വലത്തുനിന്ന് ഇടത്തേക്ക് നീങ്ങുന്നതും മറ്റ് വാഹനങ്ങളുമായും മധ്യഭാഗത്തെ ബാരിയറുമായും കൂട്ടിയിടിക്കുന്നതും വ്യക്തമാണ്. അശ്രദ്ധവും അസ്വസ്ഥത ഉളവാക്കുന്നതുമായ പെരുമാറ്റമായിരുന്നു ഇതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

ഡ്രൈവറെ വേഗത്തിൽ തിരിച്ചറിഞ്ഞതായും വാഹനം ഉടൻ പിടിച്ചെടുത്തതായും ദുബൈ പൊലിസിന്റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക്കിന്റെ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സേലം ബിൻ സുവൈദാൻ വ്യക്തമാക്കി. പ്രതിക്കെതിരെ ട്രാഫിക് നിയമങ്ങൾ പ്രകാരം നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

അൽ ഖിയാദ തുരങ്കത്തിന് സമീപം ഷാർജയിലേക്കുള്ള വഴിയിൽ അപകടകരമായ ഡ്രൈവിങ്ങ് ശ്രദ്ധയിൽപ്പെട്ട ഒരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയായിരുന്നു.

ഡ്രൈവർ പൊതുസുരക്ഷയെ അപകടപ്പെടുത്തുന്ന അശ്രദ്ധമായ ഡ്രൈവിങ്, പെട്ടെന്നുള്ള ലെയിൻ മാറ്റം, നിർദിഷ്ട ലെയിനിൽ തുടരാതിരിക്കൽ തുടങ്ങി ഒന്നിലധികം ട്രാഫിക് ലംഘനങ്ങൾ നടത്തിയിട്ടുണ്ട്. 2023-ലെ ഡിക്രി നമ്പർ 30 പ്രകാരം, ഗുരുതരമായ കുറ്റങ്ങൾക്ക് വാഹനം പിടിച്ചെടുക്കാനും, വാഹനം വിട്ടുകിട്ടാൻ 50,000 ദിർഹം പിഴ ഈടാക്കാനും അനുമതിയുണ്ട്. റോഡിൽ അപകടകരമായ പെരുമാറ്റങ്ങൾ കണ്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ദുബൈ പൊലിസ് ആപ്പിലെ “പൊലിസ് ഐ” പ്ലാറ്റ്‌ഫോമോ 901 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ “വി ആർ ഓൾ പൊലിസ്” സേവനം ഉപയോഗിച്ചോ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാമെന്ന് അധികൃതർ അറിയിച്ചു. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *