
കനത്ത ചൂടില്‍ യാത്രക്കാരെ ദുരിതത്തിലാക്കി സ്പൈസ് ജെറ്റ് ; കൊച്ചി – യു എ ഇ വിമാനം അനിശ്ചിതമായി വൈകുന്നു
ദുബായ്: കനത്ത ചൂടില്‍ യാത്രക്കാരെ ദുരിതത്തിലാക്കിയ സ്പൈസ് ജെറ്റ് വിമാനം അനിശ്ചിതമായി വൈകുന്നു. ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് ഇന്നലെ, ബുധനാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 12.10 ന് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് എസ്ജി017 എന്ന വിമാനമാണ് മണിക്കൂറുകളോളം വൈകുന്നത്. രോഗികൾ, പിഞ്ചുകുഞ്ഞുങ്ങൾ, വയോധികർ, ഗർഭിണികൾ എന്നിവരും അടിയന്തര ആവശ്യങ്ങൾക്ക് നാട്ടിലേക്ക് പോകുന്നവരുമടക്കം നൂറിലേറെ യാത്രക്കാരാണ് ഇതോടെ പ്രതിസന്ധിയിലായത്. കൃത്യസമയത്ത് തന്നെ ബോർഡിങ് നടന്ന് വിമാനം പുറപ്പെടാറായപ്പോഴാണ് സാങ്കേതിക തകരാർ ഉണ്ടെന്ന് വിമാന അധികൃതർ അറിയിച്ചതെന്ന് യാത്രക്കാരിൽ ഒരാളായ റിയാസ് പറഞ്ഞു. കനത്ത ചൂടും ഓക്സിജൻ കൃത്യമായി ഇല്ലാത്തതും യാത്രക്കാരെ ഏറെ വലച്ചു.
കുട്ടികൾ ചൂട് സഹിക്കവയ്യാതെ കരയാൻ തുടങ്ങിയതോടെ യാത്രക്കാരെല്ലാം ബഹളം വയ്ക്കാൻ തുടങ്ങി. ഉടൻ ശരിയാകുമെന്ന് ഇടയ്ക്ക് അറിയിച്ച് മൂന്ന് മണിക്കൂർ വിമാനത്തിൽ ഇരുത്തിയശേഷം പെട്ടെന്ന് പുറപ്പെടില്ലെന്നും എല്ലാവരും വിമാനത്താവള ലോഞ്ചിലേക്ക് മടങ്ങി കാത്തിരിക്കണമെന്നും അറിയിച്ചു.
യാത്രക്കാരിൽ സന്ദർശക വിസ കാലാവധി കഴിഞ്ഞ് മടങ്ങുന്നവരും ഒട്ടേറെയുണ്ട്. വിമാനം പെട്ടെന്ന് പുറപ്പെട്ടില്ലെങ്കിൽ പിഴയൊടുക്കേണ്ടി വരുമോയെന്നും യാത്രക്കാര്‍ക്ക് ഭയമുണ്ട്. യുഎഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നെത്തിയവരാണ് യാത്രക്കാർ. രാവിലെ കൃത്യമായി ഭക്ഷണം പോലും കഴിക്കാത്തതിനാൽ എല്ലാവരും വിശന്ന് വലയുകയാണ്. അതേസമയം, വിമാനം വൈകാനുള്ള കാരണം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. യാത്രക്കാർക്ക് ഏറ്റവും പുതിയ വിവരങ്ങൾക്കായി സ്പൈസ് ജെറ്റിന്റെ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജ് സന്ദർശിക്കാനോ എയർലൈനുമായി നേരിട്ട് ബന്ധപ്പെടാനോ ശ്രമിക്കാം.


Comments (0)