
കീടനാശിനിയും രാസവസ്തുക്കളും ഉപയോഗിച്ച് ലഹരി നിർമാണം; പ്രതി പിടിയിൽ
കീടനാശിനികൾ, അസെറ്റോൺ തുടങ്ങിയ വിഷാംശമുള്ളതും അപകടകരവുമായ രാസവസ്തുക്കൾ ഉപയോഗിച്ച് ലഹരി നിർമാണത്തിലേർപ്പെട്ടയാൾ പിടിയിൽ. കബ്ദിൽ വാടക കെട്ടിടത്തിൽ ഇതിനായി പ്രത്യേക കേന്ദ്രം പ്രവർത്തിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. അനധികൃത താമസക്കാരനായ പ്രതി കെട്ടിടം വാടകക്കെടുത്ത് ലഹരി നിർമാണം നടത്തിവരികയായിരുന്നു.
വിതരണത്തിന് തയാറായ 25 കിലോ രാസവസ്തു, ലഹരി നിർമാണത്തിന് ഉപയോഗിക്കുന്ന 10 ലിറ്റർ അടിസ്ഥാന പദാർഥം, 15,000 ലിറിക്ക കാപ്സ്യൂളുകൾ, 250 ഗ്രാം ഷാബു, നിർമ്മാണത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വിഷ കീടനാശിനികൾ എന്നിവയുൾപ്പെടെ വിവിധ രാസവസ്തുക്കൾ പരിശോധനയിൽ പിടിച്ചെടുത്തു. ഇത് കഴിക്കുന്നവർക്ക് ഗുരുതരമായ അപകടമുണ്ടാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്തേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു നടപടി. ലഹരി വസ്തുക്കളുടെ നിർമാണം, കടത്ത്, വിതരണം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
Comments (0)