Posted By greeshma venugopal Posted On

ആകാശമൊരുക്കും നാളെയാ വിസ്മയ കാഴ്ച ; പെർസീഡ് ഉൽക്കാവർഷം യുഎഇയിൽ നാളെ ദൃശ്യമാകും

ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന പെർസീഡ് ഉൽക്കാവർഷം യുഎഇയിൽ നാളെ ദൃശ്യമാകും. എല്ലാ വർഷവും കാണാറുള്ള പെഴ്സീഡ് ഉൽക്കാവർഷം തിരിച്ചെത്തുകയാണ്. ‘ഷൂട്ടിങ് സ്റ്റാർ’ എന്നറിയപ്പെടുന്ന ഉൽക്കകളെ കാണാൻ ഇത് മികച്ച അവസരമാണ്. ഈ പ്രതിഭാസം ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുന്ന സമയത്ത് ചന്ദ്രന് നല്ല വെളിച്ചമുണ്ടാകുമെന്നതിനാൽ ചെറിയ ഉൽക്കകൾ ചിലപ്പോൾ കാണാൻ സാധിച്ചെന്ന് വരില്ല.

പ്രതിവർഷം ഉണ്ടാകാറുള്ള ഉൽക്കാവർഷങ്ങളിൽ ഏറ്റവും തിളക്കമുള്ള ഒന്നാണ് പെഴ്സീഡ്. സ്വിഫ്റ്റ്-ടട്ടിൽ എന്ന വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങൾക്കിടയിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത്. ഈ വർഷം ഓഗസ്റ്റ് 12 ചൊവ്വാഴ്ചയ്ക്കും ഓഗസ്റ്റ് 13 ബുധനാഴ്ചയ്ക്കും ഇടയിലാണ് ഉൽക്കാവർഷം ഏറ്റവും മികച്ച രീതിയിൽ കാണാൻ സാധിക്കുക.

യുഎഇയിലുള്ളവർക്ക് നഗരത്തിലെ വെളിച്ചമേറിയ സ്ഥലങ്ങളിൽ നിന്ന് അകലെ മാറി ഈ കാഴ്ച ആസ്വദിക്കാം. ദുബൈ അസ്ട്രോണമി ഗ്രൂപ്പ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ റാസൽഖൈമയിലെ ജബൽ ജൈസിൽ പെഴ്സീഡ് ഉൽക്കാവർഷം കാണുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. ജ്യോതിശാസ്ത്രത്തെ ഇഷ്ടപ്പെടുന്ന ആളുകൾക്കായി ടിക്കറ്റെടുത്താൽ മാത്രം പ്രവേശനം ലഭിക്കുന്ന ഒരു പ്രത്യേക പരിപാടിയാണിത്. ഓരോ വർഷവും വാനനിരീക്ഷകരും ജ്യോതിശാസ്‍ത്രജ്ഞരുമൊക്കെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആകാശ വിസ്‌മയങ്ങളിലൊന്നാണ് പെർസീഡ് ഉൽക്കാവർഷം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *