
beaches you can visit for free in Dubai;ദുബൈയില്‍ നിങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാവുന്ന 10 ബീച്ചുകള്‍ ഇവയാണ്
beaches you can visit for free in Dubai;ദുബൈ: ജോലിയില്‍ നിന്നും മടുപ്പിക്കുന്ന കാര്യങ്ങളില്‍ ഒരിടവേളയാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? അതോ കുടുംബവുമായി സമയം ചിലവഴിക്കാന്‍ കഴിയുന്ന ഒരിടമോണോ നിങ്ങളുടെ മനസ്സില്‍. ദുബൈ നഗരത്തിന്റെ ആകാശക്കാഴ്ച കണ്ടും വിശാലമായ മണല്‍പ്പരപ്പിലൂടെ നടന്നും നിങ്ങള്‍ക്ക് മനോഹരമായ സമയം ചിലവഴിക്കാം.

ഇത്തരത്തില്‍ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനാകുന്ന മികച്ച ഇടങ്ങളാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ ഇതു നിങ്ങള്‍ക്കുള്ളതാണ്. ദുബൈയില്‍ കുടുംബത്തോടൊപ്പമോ കൂട്ടുകാരോടൊപ്പമോ നിങ്ങള്‍ക്ക് സമയം ചിലവഴിക്കാന്‍ കഴിയുന്ന 10 ബീച്ചുകള്‍:
1. കൈറ്റ് ബീച്ച്
ബുര്‍ജ് അല്‍ അറബിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന 2.4 കിലോമീറ്റര്‍ വിസ്തൃതിയുള്ള ജുമൈറയിലെ കൈറ്റ് ബീച്ചില്‍, പ്രത്യേക കൈറ്റ് സര്‍ഫിംഗ് ഏരിയ, ജോഗിംഗ് ട്രാക്ക്, ബോര്‍ഡ്വാക്ക് എന്നിവയുള്‍പ്പെടെ വിവിധ സൗകര്യങ്ങളുമുണ്ട്. കുട്ടികള്‍ക്കായി കളിസ്ഥലങ്ങളും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ബീച്ച് ആക്സസ് ഇടനാഴികളുമുള്ള ഈ ബീച്ച് കുടുംബങ്ങള്‍ക്ക് കൂടുതല്‍ അനുയോജ്യമാണ്. നീന്തല്‍ പ്രദേശങ്ങളില്‍ നിന്ന് അകലെ സുരക്ഷിതമായ മേഖലകളില്‍ ജെറ്റ്-സ്‌കീയിംഗ്, ബനാന ബോട്ട് റൈഡുകള്‍ പോലുള്ള മോട്ടോര്‍ വാട്ടര്‍ സ്പോര്‍ട്സുകളും ഇവിടെയുണ്ട്.
2. ജുമൈറ 1 ബീച്ച്
നീന്തലിനായി പൂര്‍ണ്ണമായും നീക്കിവച്ചിരിക്കുന്ന ഈ ബീച്ചില്‍ 1,350 മീറ്റര്‍ നീളമുള്ള ഒരു ജോഗിംഗ് ട്രാക്കും ഉണ്ട്. ജുമൈറ ബീച്ച് റോഡിലൂടെ (D94) അബൂദബിയിലേക്ക് വാഹനമോടിക്കുമ്പോള്‍, ദുബൈ കനാല്‍ മുറിച്ചുകടന്ന ശേഷം നിങ്ങളുടെ വലതുവശത്ത് കാണുന്നതാണ് ഈ ബീച്ച്.
3. ജുമൈറ 2 ബീച്ച്
ഓപ്പണ്‍ ജിം, ജോഗിംഗ് ട്രാക്ക്, ബോര്‍ഡ്വാക്ക് എന്നിവ സംവിധാനിച്ചിട്ടുള്ള ജുമൈറ 2 ബീച്ചില്‍ കളിസ്ഥലങ്ങള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും ആക്‌സസ് കോറിഡോറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. എല്ലാ പ്രായക്കാര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു ബീച്ച് ലൈബ്രറിയും ഇവിടെയുണ്ട്.
4. ജുമൈറ 3 ബീച്ച്
1,980 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ ബീച്ചില്‍ കൈറ്റ് സര്‍ഫിംഗ് ഏരിയ, ജോഗിംഗ് ട്രാക്ക്, ബോര്‍ഡ്വാക്ക്, ജിം ഉപകരണങ്ങളുള്ള ഫിറ്റ്നസ് സോണുകള്‍ എന്നിവ ഉള്‍പ്പെടുന്നു. സൂര്യാസ്തമയം ആസ്വദിക്കാനും വിനോദ മത്സ്യബന്ധനത്തിനും അനുയോജ്യമായ ഇരിപ്പിടങ്ങളുള്ള 125 മീറ്റര്‍ നീളമുള്ള ‘ഹാപ്പിനെസ് പ്ലാറ്റ്ഫോം’ ആണ് ഈ ബീച്ചിന്റെ മുഖ്യ സവിശേഷത.
5. ഉമ്മു സുഖീം 1, 2 ബീച്ചുകള്‍
615 മീറ്റര്‍ വിസ്തൃതിയുള്ള ഈ രണ്ട് ബീച്ചുകളിലും പ്രത്യേക നീന്തല്‍, സര്‍ഫിംഗ് ഏരിയകള്‍, ജോഗിംഗ് ട്രാക്ക്, പബ്ലിക് ലോഞ്ചുകള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കുമുള്ള പ്രവേശന ഇടനാഴികള്‍ എന്നിവയുണ്ട്.

6. അല്‍ മംസാര്‍ കോര്‍ണിഷ് ബീച്ച്
760 മീറ്റര്‍ വിസ്തൃതിയുള്ള ഈ ബീച്ച്, ജല കായിക വിനോദങ്ങളില്‍ നിന്ന് മാറി നീന്തല്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സമാധാനത്തോടെ വിശ്രമിക്കാന്‍ കഴിയുന്ന ബീച്ചാണ്. കളിസ്ഥലങ്ങള്‍, നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും പ്രായമായവര്‍ക്കും പ്രവേശന ഇടനാഴികള്‍, ഒരു ബീച്ച് ലൈബ്രറി എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു.
7. അല്‍ മംസാര്‍ ലഗൂണ്‍ ബീച്ച്
3.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ബീച്ച് പൂര്‍ണ്ണമായും നീന്തലിനായി മാറ്റിവച്ചിരിക്കുന്നു. ജിം ഉപകരണങ്ങള്‍, ജോഗിംഗ് ട്രാക്ക്, സൈക്കിള്‍ ട്രാക്ക് എന്നിവയുള്ള ഫിറ്റ്‌നസ് ഏരിയകളും ഇവിടെയുണ്ട്.
8. അല്‍ സുഫൂഹ് ബീച്ച്
ബുര്‍ജ് അല്‍ അറബിനും പാം ജുമൈറയ്ക്കും ഇടയിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. മദീനത്ത് ജുമൈറയ്ക്ക് സമീപം, നിങ്ങള്‍ക്ക് ഉന്മേഷദായകമായ കടല്‍ക്കാറ്റും ആസ്വദിച്ച് സമയം ചിലവഴിക്കാന്‍ കഴിയുന്ന ഇടം കൂടിയാണിവിടം.
9. ദുബൈ ഐലന്‍ഡ്സ് ബീച്ച്
ദുബൈയിലെ ആദ്യത്തെ വളര്‍ത്തുമൃഗ സൗഹൃദ ബീച്ചായ ദുബൈ ഐലന്‍ഡ്സ് ബീച്ചില്‍, ജോഗിംഗിനോ നീന്തലിനോ വേണ്ടി നായ്ക്കളെ കൊണ്ടപോകാം. 460 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ വളര്‍ത്തുമൃഗങ്ങളെ ഓടിച്ചാടി നടക്കാന്‍ അനുവദിക്കുന്നു. കയാക്കിംഗ് അല്ലെങ്കില്‍ പാഡില്‍ബോര്‍ഡിംഗ് പോലുള്ള പ്രവര്‍ത്തനങ്ങളും ഇവിടെയുണ്ട്.
10. പാം വെസ്റ്റ് ബീച്ച്
പാം ജുമൈറയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന പാം വെസ്റ്റ് ബീച്ച്, 1.6 കിലോമീറ്റര്‍ നീളമുള്ള പ്രൊമെനേഡും ബീച്ചിന്റെ സുന്ദരമായ ദൃശ്യവും മനോഹരമായ ദുബൈയുടെ ആകാശക്കാഴ്ചകളും പ്രദാനം ചെയ്യുന്നു. ഈ പ്രദേശത്ത് ബീച്ച് ഫ്രണ്ട് റെസ്റ്റോറന്റുകള്‍ ഉണ്ട്. കൂടാതെ ഇവിടെ ഫിറ്റ്‌നസ് പ്രേമികള്‍ക്കായി നടത്തത്തിനും ഓട്ടത്തിനും അനുയോജ്യമായ ഒരു പാതയും ഒരുക്കിയിട്ടുണ്ട്.
Comments (0)