
മൂന്ന് വനിതകൾ ചേർന്ന് ടാക്സി ഓട്ടത്തിന് വിളിച്ചു; പണം നൽകാതെ മുങ്ങി, പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പോലീസിന് നേരെയും അധിക്ഷേപം,പിന്നാലെ പ്രതികളെ ജയിലിലടച്ചു
വനിതാ പൊലീസ് ഓഫീസർമാരോട് മോശമായി പെരുമാറിയ വനിതകൾക്കെതിരെ കേസെടുത്ത് കുവൈത്ത് പൊലീസ്. അബു ഹലീഫ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ടാക്സി ഡ്രൈവർ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയപ്പോഴാണ് ഇവർ പൊലീസിനോട് മോശമായി പെരുമാറിയത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.
സംഭവം ഇങ്ങനെ, മൂന്ന് വനിതകൾ ചേർന്ന് ഒരു ടാക്സി ഓട്ടത്തിന് വിളിച്ചു. യാത്രയ്ക്ക് ശേഷം പണം ആവശ്യപ്പെട്ട ഡ്രൈവർക്ക് നേരെ ഇവർ മോശമായി പെരുമാറി. ഇയാളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം നൽകാതെ മടക്കി അയക്കുകയും ചെയ്തു. സംഭവത്തിൽ ടാക്സി ഡ്രൈവർ പൊലീസിൽ പരാതി നൽകി. ഇതിൽ അറസ്റ്റ് രേഖപ്പെടുത്താനായി വനിതകളെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടി കൊണ്ട് പോയി.
എന്നാൽ അറസ്റ്റിന് ഇവർ വിസമ്മതിക്കുകയും വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അധിക്ഷേപിക്കുകയും ചെയ്തു. ഇതോടെ ആർട്ടിക്കിൾ 134 പ്രകാരം ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി എന്ന മറ്റൊരു കേസും വനിതകൾക്കെതിരെ എടുത്തിട്ടുണ്ട്.
ആർട്ടിക്കിൾ 134 പ്രകാരം ഡ്യൂട്ടിയിലുള്ള സർക്കാർ ഉദ്യോഗസ്ഥരെ വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ അപമാനിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്താൽ മൂന്ന് മാസം വരെ തടവും കുറഞ്ഞത് 100 മുതൽ പരമാവധി 300 കുവൈത്ത് ദിനാർ വരെ പിഴയും ശിക്ഷ ലഭിക്കും.
Comments (0)