
UAE Health Ministry;ജനന-മരണ രജിസ്ട്രേഷന് സേവനങ്ങള്‍ നിര്‍ത്തലാക്കി യുഎഇ ആരോഗ്യ മന്ത്രാലയം; സേവനങ്ങള്‍ ഇനി മുതല്‍ ഈ സംവിധാനത്തിനു കീഴില്‍
UAE Health Ministry;ദുബൈ: യുഎഇയിലെ താമസക്കാരുടെ ജനന-മരണ രജിസ്ട്രേഷനുകളില്‍ മാറ്റം വരുത്തിയതായി യുഎഇ മാധ്യമമായ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജനന-മരണ രജിസ്ട്രേഷന് സേവനങ്ങള്‍ ആരോഗ്യ മന്ത്രാലയം അവസാനിപ്പിച്ചു.

‘മുമ്പ് ആരോഗ്യ മന്ത്രാലയം വഴി ലഭ്യമായിരുന്ന ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനിമുതല്‍ എമിറേറ്റ്സ് ഹെല്‍ത്ത് സര്‍വീസസിന് കീഴിലായിരിക്കും’ മന്ത്രാലയം അറയിച്ചു.
മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് പ്രഖ്യാപനം നടത്തിയത്. ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മന്ത്രാലയത്തിന്റെ വാട്ട്സ്ആപ്പ് സേവനവും നിര്‍ത്തിവച്ചു.
വടക്കന്‍ എമിറേറ്റുകളിലെ (ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ, ഫുജൈറ) പൊതുജനാരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്ന ഇ.എച്ച്.എസിന്റെ വെബ്സൈറ്റില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.
അബൂദബിയിലും ദുബൈയിലും പ്രാദേശിക ആരോഗ്യ അധികാരികള്‍, ആരോഗ്യ വകുപ്പ് (DoH), ദുബൈ ഹെല്‍ത്ത് അതോറിറ്റി (DHA) എന്നിവരാണ് യഥാക്രമം ഈ സേവനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
DoH, DHA അല്ലെങ്കില്‍ EHS എന്നിവയില്‍ നിന്ന് നല്‍കുന്നതും സാക്ഷ്യപ്പെടുത്തിയതുമായ സര്‍ട്ടിഫിക്കറ്റുകള്‍ MoHAP സാക്ഷ്യപ്പെടുത്തിയതിന് തുല്യമാണെന്ന് EHS വ്യക്തമാക്കി.
യുഎഇ നിയമമനുസരിച്ച്, ഒരു കുട്ടിയുടെ ജനനം 30 ദിവസത്തിനുള്ളിലും ഒരു വ്യക്തിയുടെയോ കുഞ്ഞിന്റെയോ മരണം 72 മണിക്കൂറിനുള്ളിലും രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
സര്‍ട്ടിഫിക്കറ്റ് നല്കുന്ന സ്ഥാപനങ്ങള്‍ക്കനുസരിച്ച് നടപടിക്രമങ്ങളിലും സേവന ഫീസുകളിലും മാറ്റമുണ്ട്.
ഇഎച്ച്എസ് വെബ്സൈറ്റ് പ്രകാരം, പൊതുജനാരോഗ്യ സേവന വകുപ്പില്‍ നിന്ന് ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ അഭ്യര്‍ത്ഥിക്കുന്ന അപേക്ഷകര്‍ക്ക് അവരുടെ യുഎഇ പാസുമായി സൈന്‍ ഇന്‍ ചെയ്ത് സേവനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയും.
ജനന-മരണ പോര്‍ട്ടല്‍, പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍, ഇഎച്ച്എസിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയിലൂടെയും സേവനങ്ങള്‍ ലഭ്യമാകും.
നഷ്ടപ്പെട്ട ജനന-മരണ സര്‍ട്ടിഫിക്കറ്റിന് പകരം സര്‍ട്ടിഫിക്കറ്റ് നല്കല്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരിക പകര്‍പ്പുകള്‍ നല്കല്, ജനന സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തല്‍ തുടങ്ങിയ മറ്റു സേവനങ്ങളും EHS പ്രദാനം ചെയ്യുന്നു.
Comments (0)