Posted By Nazia Staff Editor Posted On

Uae jobs;യുഎഇയില്‍ കൈനിറയെ തൊഴിലവസരങ്ങള്‍; വരും വര്‍ഷങ്ങളില്‍ ഈ തൊഴില്‍ മേഖലയില്‍ വന്‍കുതിപ്പിന് സാധ്യത

Uae jobs: ദുബൈ: ടൂറിസം മേഖലയില്‍ ഈ വര്‍ഷം യുഎഇ പ്രതീക്ഷിക്കുന്നത് 26,400 തൊഴിലവസരങ്ങളെന്ന് റിപ്പോര്‍ട്ട്. വേള്‍ഡ് ട്രാവല്‍ ആന്റ് ടൂറിസം കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്തെ ഹോട്ടലുകളുടെ എണ്ണത്തിലുണ്ടായ വര്‍ധവും വിനോദസഞ്ചാര മേഖലയിലെ കുതിപ്പുമാണ് തൊഴിലവസരങ്ങള്‍ക്ക് കാരണം.

2024ലെ കണക്കുകള്‍ പ്രകാരം, ഈ മേഖലയില്‍ 8.9 ലക്ഷം പേര്‍ തൊഴിലെടുക്കുന്നുണ്ട്. 2025 അവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരുമെന്നാണ് വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സിലിന്റെ പ്രവചനം. രാജ്യത്തെ എട്ട് തൊഴിലവസരങ്ങളില്‍ ഒന്ന് ഈ മേഖലയില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ ടൂറിസം മേഖലയിലെ തൊഴില്‍ തസ്തികകളുടെ 12.3 ശതമാനവും യുഎഇയിലാണ്. മേഖലയില്‍ ആകെ 73 ലക്ഷം പേര്‍ ഈ രംഗത്ത് ജോലി ചെയ്യുന്നു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ യുഎഇയിലെ ടൂറിസം തസ്തികകള്‍ 10 ലക്ഷമായി വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സാമ്പത്തിക സംഭാവന

2025ല്‍ ടൂറിസം മേഖലയില്‍ നിന്ന് യുഎഇയുടെ ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് 26,750 കോടി ദിര്‍ഹം വരുമാനം ലഭിക്കുമെന്നാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇത് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 13 ശതമാനത്തിന് തുല്യമാണ്.

ഹോട്ടല്‍ മേഖലയിലെ വളര്‍ച്ച

2024ല്‍ യുഎഇയിലെ ഹോട്ടലുകളുടെ വരുമാനം 4,500 കോടി ദിര്‍ഹമായി ഉയര്‍ന്നു. ഇത് 2023നെ അപേക്ഷിച്ച് 3 ശതമാനം വളര്‍ച്ച കാണിക്കുന്നു. ഹോട്ടലുകളിലെ 78 ശതമാനം മുറികളും വിനോദ സഞ്ചാരികളാല്‍ നിറഞ്ഞു. 2024ലെ കണക്കനുസരിച്ച്, രാജ്യത്ത് 1,251 മികച്ച ഹോട്ടലുകളും 2,16,966 മുറികളുമുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധനവാണ് ഹോട്ടല്‍ മേഖലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

സന്ദര്‍ശകരുടെ വര്‍ധന

കഴിഞ്ഞ വര്‍ഷം യുഎഇയിലെ ഹോട്ടലുകളിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 3.8 കോടിയാണ്. 2023നെ അപേക്ഷിച്ച് 9.5 ശതമാനം വര്‍ധനവാണിത്. ഈ ശക്തമായ വളര്‍ച്ചയാണ് ടൂറിസം മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന പ്രവചനത്തിന് അടിസ്ഥാനം.

യുഎഇയുടെ ആഗോള പ്രാധാന്യം

ടൂറിസം മേഖലയിലെ ഈ കുതിപ്പ്, യുഎഇയെ ആഗോള വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്നു. വിനോദസഞ്ചാരം, ആതിഥ്യമര്യാദ, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതോടെ, യുഎഇയുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ ലക്ഷ്യങ്ങള്‍ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *