
uae visa:തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
Uae visa:ദുബൈ: വേനല്‍ക്കാല അവധിക്കാലത്ത് യുഎഇയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍, വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുന്നവര്‍ക്ക് കനത്ത പിഴയും നിയമനടപടികളും നേരിടേണ്ടിവരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിസ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടുകയോ വിസ പുതുക്കുകയോ താമസ വിസയിലേക്ക് മാറുകയോ ചെയ്യണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

വിനോദസഞ്ചാരികളും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തുന്നവരും ഉള്‍പ്പെടെ ധാരാളം പേര് വേനല്‍ക്കാലത്ത് യുഎഇയിലെത്തുന്നുണ്ട്. എന്നാല്‍, വിസ കാലാവധിയോ എക്സ്റ്റന്‍ഷന്‍ നടപടികളോ സംബന്ധിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ അനധികൃത താമസം വര്‍ധിക്കാനുള്ള സാധ്യതയുണ്ട്. വിസ കാലാവധി കഴിഞ്ഞ് ഓരോ ദിവസവും രാജ്യത്ത് തങ്ങുന്നതിന് ഈടാക്കുന്ന പിഴ വലിയ സാമ്പത്തിക ബാധ്യതയായി മാറാം. ചില സന്ദര്‍ഭങ്ങളില്‍ നിയമനടപടികളും ഭാവിയില്‍ യുഎഇയിലേക്കുള്ള പ്രവേശന നിയന്ത്രണങ്ങളും നേരിടേണ്ടിവരും.
വിസ സംബന്ധമായ കാര്യങ്ങള്‍ക്ക് യുഎഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് അല്ലെങ്കില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് പോലുള്ള അംഗീകൃത സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. അനധികൃത ഏജന്‍സികള്‍ വഴി ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് വ്യക്തികള്‍ തന്നെ ഉത്തരവാദികളായിരിക്കും.
സന്ദര്‍ശകര്‍ വിസ കാലാവധി കൃത്യമായി പരിശോധിക്കണമെന്നും പാസ്പോര്ട്ടില് രേഖപ്പെടുത്തിയ തീയതി ശ്രദ്ധിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. വിസ കാലാവധി അവസാനിക്കുന്നതിന് ദിവസങ്ങള്‍ക്കോ ആഴ്ചകള്‍ക്കോ മുമ്പ് യാത്രാ പദ്ധതികള്‍ തയാറാക്കണം. യുഎഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ വിസ പുതുക്കുന്നതിനോ താമസ വിസയിലേക്ക് മാറ്റുന്നതിനോ നേരത്തെ നടപടികള്‍ ആരംഭിക്കണം. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും സന്ദര്‍ശകരുടെ സുരക്ഷയും രാജ്യത്തെ നിയമവ്യവസ്ഥ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുമാണ് ഈ മുന്നറിയിപ്പ്.
Comments (0)