weather update in uae; പൊതുജന ശ്രദ്ധയ്ക്ക്!!ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ യുഎഇയില്‍ പല സ്ഥലങ്ങളിലും കാലാവസ്ഥയിൽ ഈ മാറ്റങ്ങളുണ്ട്; ശ്രദ്ധിക്കുക

weather update in uae:ദുബൈ: സെപ്റ്റംബര്‍ മാസം പിറന്ന്, ഓഗസ്റ്റിലെ കൊടും ചൂടില്‍ നിന്ന് മാറുമ്പോള്‍ യുഎഇ നിവാസികള്‍ക്ക് വരും ദിവസങ്ങളില്‍ മഴയുടെ പരമ്പര തന്നെ പ്രതീക്ഷിക്കാം. അതോടെ, കുതിച്ചുയരുന്ന താപനിലയില്‍ നിന്ന് അല്‍പ്പം ആശ്വാസം പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) വെളിപ്പെടുത്തി.
ന്യൂന മര്‍ദ സാഹചര്യത്തിന്റെ വ്യാപനവും ഇന്റര്‍ ട്രോപ്പികല്‍ കണ്‍വെര്‍ജന്‍സ് സോണ്‍ (ഐടിസിഇസെഡ്) വടക്കന്‍ എമിറേറ്റുകളിലേയ്ക്ക് നീങ്ങുന്നതും യുഎഇയെ നിലവില്‍ ബാധിക്കുന്നു.

ഇതിന്റെ ഫലമായി അന്തരീക്ഷത്തില്‍ ഈര്‍പ്പം വര്‍ധിക്കും. ഈ കാലാവസ്ഥാ പ്രതിഭാസം ചില പ്രദേശങ്ങളില്‍ പകല്‍ താപനില ഉയരാനും, മഴയ്ക്കും ഇടയാക്കും. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ചില കിഴക്കന്‍തെക്കന്‍ പ്രദേശങ്ങളിലും, ചില ഉള്‍ഭാഗങ്ങളിലും മഴ പെയ്യുമെന്ന് പ്രവചനത്തില്‍ പറഞ്ഞു. വ്യത്യസ്ത തീവ്രതയിലുള്ള മഴയോടൊപ്പം ഇടിമിന്നലും ഉണ്ടാകുമെന്നും ആലിപ്പഴം വര്‍ഷിക്കുമെന്നും പ്രതീക്ഷിക്കുന്നു.

തെക്കുകിഴക്ക്, വടക്കുകിഴക്ക് ദിശകളില്‍ കാറ്റ് വീശുമെന്നും ഇത് അന്തരീക്ഷത്തില്‍ പൊടിയും മണലും ഉയര്‍ത്തുമെന്നും, ദൃശ്യപരത കുറയ്ക്കുമെന്നും പ്രവചനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസവും രാജ്യത്ത് ഇടയ്ക്കിടെ മഴയും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. ഓഗസ്റ്റ് 29ന് യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ പെയ്ത മഴയില്‍ പലേടങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരുന്നു. വാദികളില്‍ വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ട സാഹചര്യവുമുണ്ടായി.

ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം ഉദിച്ചത് അറേബ്യന്‍ ഉപ ദ്വീപിലെ ശരത്കാല സീസണിലേക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തുന്നതായി. താപനില ഉടനടി കുറയില്ലെങ്കിലും, സുഹൈലിന്റെ വരവോടെ ശൈത്യ കാലത്തിലേയ്ക്ക് മന്ദഗതിയില്‍ രാജ്യം പ്രവേശിക്കും. മിതമായ കാലാവസ്ഥാ സാഹചര്യങ്ങളാണ് ഇനിയുണ്ടാവുക. ഏതാനും ദിവസങ്ങള്‍ക്കകം കാലാവസ്ഥയില്‍ ചൂട് കുറഞ്ഞു വരുന്നതിനാല്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *