Posted By greeshma venugopal Posted On

​ഗൾഫ് തീരത്തെ കാലവസ്ഥ മാറ്റം സുനാമി ഉണ്ടാക്കുമോ ?

ഗൾഫ് തീരത്ത് സുനാമി ഉണ്ടാകാനുള്ള സാധ്യതയുണ്ടോ? ഈ ചോദ്യത്തിന് ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് യു എ ഇ കാലാവസ്ഥ വകുപ്പ്. ഗൾഫ് തീരങ്ങളിൽ സുനാമി ഉണ്ടാകാൻ ശാസ്ത്രീയമായി സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു.

അടുത്തിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഭൂകമ്പങ്ങളുടെ തുടർച്ചയായി ഗൾഫ് തീരങ്ങളിൽ സുനാമിയുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയത്. ലോകത്തിൽ വിവിധയിടങ്ങളിൽ ഉണ്ടാകുന്ന സുനാമികളുടെ പ്രധാന ഉറവിടം പസഫിക് സമുദ്രത്തിൽ ഉണ്ടാകുന്ന ഭൂകമ്പങ്ങളാണ്. അറബിക്കടൽ ഈ മേഖലയിൽ നിന്ന് വളരെ അകലെയായതിനാൽ അറേബ്യൻ ഗൾഫ് തീരങ്ങളിൽ സുനാമി ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് ഭൂകമ്പ പഠനവിഭാഗം ഡയറക്ടർ ഖലീഫ അൽ അബ്രി പറഞ്ഞു.

പസഫിക് സമുദ്രത്തിലെ പോലെയുള്ള സാഹചര്യമല്ല അറബിക്കടലിലും ചെങ്കടലിലും ഉള്ളത്. ഇരു കടലിനും വലിയ ആഴമില്ലാത്ത കൊണ്ട് തന്നെ ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുമില്ല. അത് കൊണ്ടാണ് ഗൾഫ് തീരങ്ങൾ സുനാമി ഉണ്ടാകാൻ സാധ്യതയില്ലെന്ന് പറയാനുള്ള പ്രധാന കാരണമെന്ന് അൽ അബ്രി പറഞ്ഞു. കാലാവസ്ഥാ മാറ്റവുമായി സുനാമിക്ക് ബന്ധമുണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയാണ്. ഭൂകമ്പങ്ങളും സുനാമികളും ടെക്റ്റോണിക് പ്ലേറ്റുകളുടെ ചലനം മൂലമാണ് ഉണ്ടാകുന്നത്.

ഇത് കാലാവസ്ഥാ മാറ്റവുമായി ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ മഞ്ഞുരുകുന്നതും, കടൽ നിരപ്പ് ഉയരുന്നതും ഭൂമിശാസ്ത്രപരമായ സമ്മർദ്ദത്തെ ബാധിക്കുന്നു എന്ന തരത്തിൽ പറയുന്നുണ്ട്. ഇതേ പറ്റിയുള്ള കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്. ഇത് സംബന്ധിച്ച് അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *