
Uae traffic law:റോഡ് കുറുകെ കടക്കാൻ ശ്രമിച്ച കാൽനടയാത്രക്കാരനെ ഇടിച്ചു തെറുപ്പിച്ച് കാർ, പക്ഷേ ഡ്രൈവർക്ക് പിഴയില്ല; കാരണം ഇതാണ്
Uae traffic law:ദുബായ് ∙ കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പുമായി ഷാർജ പൊലീസ്. റോഡിന് കുറുകെ കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാർഗനിർദേശങ്ങൾ പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതിനാലാണിത്. ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചുകൊണ്ടാണ് മുന്നറിയിപ്പ്. ഏകദേശം എല്ലാ അപകടങ്ങൾക്കും പിന്നിൽ സുരക്ഷിതമല്ലാത്ത കാൽനടയാത്രയാണെന്ന് അധികൃതർ പറയുന്നു. അപകടങ്ങൾ സംഭവിക്കുമ്പോൾ അത് ഇരകളെ മാത്രമല്ല, അവരുടെ പ്രിയപ്പെട്ടവരെയും ബാധിക്കുമെന്നും അധികൃതർ ഓർമിപ്പിക്കുന്നുണ്ട്.
ഷാർജ പൊലീസ് പുറത്തുവിട്ട വിഡിയോയിൽ കാറിന് മുന്നിലേക്ക് പെട്ടെന്ന് ഓടിക്കയറിയ കാൽനടയാത്രക്കാരൻ വാഹനമിടിച്ച് വീഴുന്നതായി കാണാം. കാൽനടയാത്രക്കാർക്ക് കുറുകെ കടക്കാൻ ഉള്ള സ്ഥലത്താണ് അപകടം സംഭവിച്ചതെങ്കിലും വാഹനങ്ങൾക്ക് പോകാനുള്ള സിഗ്നലുള്ളപ്പോൾ നടന്നതാണ് അപകടകാരണം. കാൽനടയാത്രക്കാർക്കായി പ്രത്യേക പാതകളും നിയമലംഘകർക്ക് കടുത്ത പിഴയും യുഎഇ സർക്കാർ ഏർപ്പെടുത്തിയിട്ടെങ്കിലും ചില ആളുകൾ ധൃതി കാണിച്ച് സുരക്ഷിതമല്ലാതെ റോഡിലൂടെ നടക്കുകയും സിഗ്നലുകൾ നോക്കാതെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയും ചെയ്ത് അപകടങ്ങൾക്ക് കാരണമാകുന്നു.
മാർച്ച് 29ന് പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമം അനുസരിച്ച് റോഡിന് കുറുകെ കടക്കാൻ അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ സഞ്ചരിച്ചാൽ കനത്ത പിഴയും തടവും ലഭിക്കും. മുൻപ് ഇത് 400 ദിർഹമായിരുന്നെങ്കിൽ പുതിയ നിയമം അനുസരിച്ച് നിയമലംഘനം മൂലം അപകടമുണ്ടായാൽ 5,000 ദിർഹം മുതൽ 10,000 ദിർഹം വരെ പിഴയും തടവും ലഭിക്കാം. കൂടാതെ, മണിക്കൂറിൽ 80 കിലോമീറ്റർഅല്ലെങ്കിൽ അതിൽ കൂടുതൽ വേഗതയുള്ള റോഡുകളിൽ അനുമതിയില്ലാത്ത സ്ഥലങ്ങളിൽ കൂടെ റോഡിന് കുറുകെ കടന്നാൽ, 10,000 ദിർഹം പിഴയും കുറഞ്ഞത് മൂന്ന് മാസത്തേക്ക് തടവുമാണ് ശിക്ഷ
Comments (0)