
അവധിക്ക് നാട്ടിലെത്തിയ ഖത്തർ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
ഖത്തർ പ്രവാസിയായ വാണിമേൽ സി.സി മുക്ക് സ്വദേശി മുഹമ്മദ് ചാമ (40) അന്തരിച്ചു. അവധിക്കായി നാട്ടിലെത്തിയ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. ബുധനാഴ്ച പുലർച്ചെ ഉറക്കത്തിൽ സംഭവിച്ച മരണം, രാവിലെ വിളിച്ചുണർത്താൻ ശ്രമിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്.
ദോഹയിലെ അബൂഹമൂറിലുള്ള നാസ്കോ ഗ്രിൽ റെസ്റ്റോറന്റിലെ ജീവനക്കാരനായിരുന്നു. ഗായകനും ഗാനരചയിതാവുമെന്ന നിലയിൽ ശ്രദ്ധേയനായ മുഹമ്മദ് ചാമ, ഖത്തറിലും നാട്ടിലുമായി നിരവധി വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവ പ്രവർത്തകനായിരുന്നു.
പരേതരായ കല്ലുള്ള ഏഴാറ്റിൽ കുഞ്ഞബ്ദുല്ലയുടെയും ഫാത്തിമ ചെറിയ പറമ്പത്തിന്റെയും മകനാണ്. ആഷിഫ മഠത്തിൽ ആണ് ഭാര്യ. സൈനുദ്ദീൻ, ദുആ എന്നിവർ മക്കളാണ്.
മുഹമ്മദ് ചാമയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഖത്തർ വാണിമേൽ പ്രവാസി ഫോറം, ഖത്തർ കെ.എം.സി.സി വാണിമേൽ പഞ്ചായത്ത് കമ്മിറ്റി തുടങ്ങിയ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വാണിമേൽ വലിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ സംസ്കരിച്ചു.
Comments (0)