
യഥാർത്ഥ ഹീറോ! ട്രെയിൻ മുന്നിൽ വന്നിട്ടും ഭയമില്ലാതെ യുവാവിനെ രക്ഷിച്ച റെയിൽവേ ജീവനക്കാരന് കൈയ്യടിച്ച് സോഷ്യൽ മീഡിയ-വീഡിയോ കാണാം
ബെനി സൂഫ്, ഈജിപ്ത് – കെയ്റോയുടെ തെക്ക് ഭാഗത്തുള്ള ബെനി സൂഫിലെ റെയിൽവേ ജീവനക്കാരൻ, അപകടത്തിൽ നിന്ന് ഒരു യുവാവിനെ രക്ഷിച്ചുകൊണ്ട് യഥാർത്ഥ ഹീറോയായി മാറി.
ട്രെയിൻ കടന്നുപോകുമ്പോൾ റെയിൽവേ ക്രോസിംഗിലെ സുരക്ഷാ ഗാർഡായ താരിഖ് മുഹമ്മദ് ബ്രൈസ് ആണ്, മരണത്തിൽ നിന്ന് ഒരു യുവാവിനെ രക്ഷിച്ചത്. ട്രെയിനിന് വേണ്ടി ക്രോസിംഗ് ഗേറ്റുകൾ അടച്ചിരുന്നുവെന്നും, എന്നാൽ യുവാവ് ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു. ഈ സമയം അപാരമായ ധൈര്യം കാണിച്ചുകൊണ്ട് താരിഖ് ഓടിച്ചെന്ന് യുവാവിനെ കെട്ടിപ്പിടിച്ച്, കൃത്യ സമയത്ത് ട്രാക്കിൽ നിന്ന് വലിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.
ഈ സമയം താരിഖ് മുഹമ്മദ് ബ്രൈസ് കാണിച്ച ധീരതയെയും മനസാന്നിധ്യത്തെയും റെയിൽവേ യൂണിയൻ അഭിനന്ദിച്ചു. റെയിൽവേ തൊഴിലാളികളുടെ ജനറൽ യൂണിയൻ തലവനായ അബ്ദുൽ ഫത്താ ഫിക്രി, താരിഖിന്റെ ജാഗ്രതയെയും ജീവൻ രക്ഷാപ്രവർത്തനത്തെയും പ്രശംസിച്ചു. റെയിൽവേ ഓപ്പറേഷൻസ് ജനറൽ മാനേജറായ എൻജിനീയർ ഉസ്മാൻ മഹ്മൂദും താരിഖിനെ നേരിട്ട് അഭിനന്ദിച്ചു.
റെയിൽവേ യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “എല്ലാ മേഖലകളിലെയും റെയിൽവേ ജീവനക്കാരുടെ അർപ്പണബോധം പ്രതിഫലിക്കുന്ന കഥകൾ എല്ലാ ദിവസവും ഉണ്ടാകുന്നു. വേനൽക്കാലത്തും മഞ്ഞുകാലത്തും പോലും അവർ യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ജാഗരൂകരാണ്.”
Comments (0)