
Duabi police: കാത്തിരുന്നത് 35 വർഷം; ഒടുവിൽ അച്ഛനും മകളും ഒന്നായി :വൈകാരികമായ ഒത്തുചേരൽ
Dubai police: ഷാർജ ∙ പൊലീസ് നടത്തിയ ഇടപെടലിലൂടെ 35 വർഷത്തെ വേർപാടിനൊടുവിൽ മകൾക്ക് തന്റെ പിതാവിനെ വീണ്ടും കാണാനായി. യുഎഇക്ക് പുറത്ത് താമസിക്കുന്ന യുവതിക്ക് പിതാവിനൊപ്പമുള്ള പുതിയ ജീവിതം ആരംഭിക്കാൻ പൊലീസ് സഹായം നൽകുകയായിരുന്നു. യുഎഇയിൽ താമസിക്കുന്ന പിതാവിനെ കാണാൻ ആഗ്രഹമുണ്ടെന്ന് കാണിച്ച് മകൾ ഷാർജ പൊലീസിന് അപേക്ഷ നൽകിയതോടെയാണ് ഈ വൈകാരികമായ പുനഃസമാഗമം സാധ്യമായത്.

കുടുംബ സാഹചര്യങ്ങൾ കാരണം 35 വർഷത്തിലേറെയായി പിതാവും മകളും തമ്മിൽ യാതൊരു ബന്ധവുമില്ലാതെ കഴിയുകയായിരുന്നു. അപേക്ഷ ലഭിച്ചയുടൻ ഷാർജ പൊലീസ് അതിവേഗം നടപടിയെടുത്തു. ഒരു പ്രത്യേക സംഘം യുവതിയുമായി ബന്ധപ്പെടുകയും യാതൊരു കാലതാമസമില്ലാതെ പുനഃസമാഗമത്തിനായുള്ള എല്ലാ രേഖകളും പൊലീസ് തന്നെ തയാറാക്കുകയും ചെയ്തു.
യുഎഇയിലേക്ക് വരാനുള്ള യാത്രാ ടിക്കറ്റും പൊലീസ് നൽകി. പിതാവിനെ കണ്ടുമുട്ടുന്ന സമയത്ത് സാമൂഹിക പിന്തുണ നൽകുന്ന വിദഗ്ധരും അവിടെ സന്നിഹിതരായിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനും കുടുംബങ്ങളെ ഒന്നിപ്പിക്കുന്നതിനും, അവരുടെ സ്ഥിരത വർധിപ്പിക്കുന്നതിനും പൊലീസിനുള്ള പ്രതിബദ്ധതയുടെ ഉദാഹരണമാണ് ഈ സംരംഭമെന്ന് കമ്മ്യൂണിറ്റി പ്രൊട്ടക്ഷൻ ആൻഡ് പ്രിവൻഷൻ വിഭാഗം ഡയറക്ടർ ജനറൽ ബ്രി.ജനറൽ ഡോ. അഹമ്മദ് സയീദ് അൽ നൂർ പറഞ്ഞു. അജ്മാൻ പൊലീസും അടുത്തിടെ സമാനമായ സംഭവത്തിന് വഴിയൊരുക്കിയിരുന്നു. 40 വർഷം മുൻപ് താൻ ജോലി ചെയ്തിരുന്ന എമിറാത്തി കുടുംബത്തെ വീണ്ടും കാണാനുള്ള ശ്രീലങ്കൻ യുവതിയുടെ ആജീവനാന്ത സ്വപ്നം സാക്ഷാത്കരിക്കാൻ അജ്മാൻ പൊലീസ് സഹായിച്ചു. ഇത്തരം പ്രവൃത്തികൾ യുഎഇയിലെ ആഴത്തിൽ വേരൂന്നിയ മാനുഷിക മൂല്യങ്ങളെയാണ് എടുത്തു കാണിക്കുന്നത്.
Comments (0)