Atulya Shekhar death investigation;ദുബായ് ∙ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) കേസിന്റെ വിചാരണ ഈ മാസം 8ന് കൊല്ലം കോടതിയിൽ ആരംഭിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു. കേരള ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. അതുല്യയുടെ ഭർത്താവ് സതീഷിനെ വിചാരണ ചെയ്യും. ഇതോടെ എല്ലാ സത്യവും പുറത്തുവരുമെന്നാണ് വിശ്വാസമെന്നും ഷാർജയിലെ ബന്ധുക്കൾ പറഞ്ഞു.
ഇതിനിടെ കേസിന് പുതിയ വഴിത്തിരിവായി കഴിഞ്ഞദിവസം അതുല്യയുടെ മരണം കൊലപാതകമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിരുന്നു. കൊല്ലത്ത് നടത്തിയ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷണം തുടരുകയാണ്. യുഎഇയിൽ നിന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കാത്തതുകൊണ്ട് ക്രൈം ബ്രാഞ്ച് അതുല്യയുടെ മരണം ആത്മഹത്യയായിട്ടാണ് പരിഗണിക്കുന്നത്. അതുല്യയുടെ മരണത്തിന് കാരണക്കാരനായ ഭർത്താവ് സതീഷ് ശിവങ്കരൻ പിള്ളക്കെതിരേ ആത്മഹത്യാ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം, അതുല്യയുടെ മരണമുണ്ടാക്കിയ നടുക്കം ഇതുവരെ യുഎഇ പ്രവാസി മലയാളികളിൽ നിന്ന് വിട്ടുമാറിയിട്ടില്ല.
മൃതദേഹത്തിൽ 46 മുറിവുകൾ, മരണം കഴുത്ത് ഞെരിച്ചതിനെത്തുടർന്ന്
അതുല്യയുടെ മൃതദേഹത്തിൽ 46 മുറിവുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പല മുറിവുകളും മരണത്തിന് മണിക്കൂറുകൾക്ക് മുൻപോ ദിവസങ്ങൾക്ക് മുൻപോ ഉണ്ടായതാണെന്നാണ് കരുതുന്നത്. അതുല്യയുടെ മരണം കഴുത്ത് ഞെരിച്ചതു മൂലമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് കൊലപാതക സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. നേരത്തെ ഷാർജയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ അതുല്യയുടെ മരണം തൂങ്ങിമരണം മൂലമാണെന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കുടുംബത്തിന്റെ സംശയങ്ങൾക്ക് കൂടുതൽ ബലം നൽകുന്നു.
അതുല്യയുടെ ഫോൺ പലതവണ സതീഷ് തുറക്കാൻ ശ്രമിച്ചു, പിന്നെ ബ്ലോക്കായി
അതുല്യയുടെ ഭർത്താവ് ദുബായ് ജുമൈറയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന സതീഷ് മർദ്ദിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ കേരളത്തിലെ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വിഡിയോകൾ മരണത്തിന് ദിവസങ്ങൾക്ക് മുൻപ് റെക്കോർഡ് ചെയ്തതാണെന്ന് അതുല്യയുടെ ബന്ധുക്കൾ പറയുന്നു. അതിൽ സതീഷ് അതുല്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം. പത്തുവർഷമായി താൻ പീഡനങ്ങൾ സഹിക്കുകയാണെന്ന് അതുല്യ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോയിൽ സതീഷ് മോശമായ ഭാഷ ഉപയോഗിക്കുന്നതും അതുല്യയെ ശാരീരികമായി ഉപദ്രവിക്കുന്നതും കാണാം. തനിക്ക് എവിടെയും പോകാൻ കഴിയില്ലെന്നും അവളെ കുത്തിക്കൊല്ലുമെന്നും സതീഷ് ഭീഷണിപ്പെടുത്തുന്നതും വിഡിയോയിലുണ്ട്. മർദ്ദനത്തിന് ശേഷം കരയുന്ന അതുല്യയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കേസിൽ നിർണായകമായേക്കാവുന്ന തെളിവുകൾക്കായി അതുല്യയുടെ ഫോൺ പൊലീസ് പരിശോധനയ്ക്കായി എടുത്തിരുന്നു. ഭർത്താവ് സതീഷ് ഫോൺ തുറക്കാൻ പലതവണ ശ്രമിച്ചെങ്കിലും പാസ്‌വേർഡ് തെറ്റായതിനാൽ ഫോൺ ബ്ലോക്കായി. അതേസമയം സതീഷിന്റെ ജാമ്യം റദ്ദാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമായതെന്നാണ് കുടുംബത്തിന്റെ വാദം.
മദ്യപിച്ച് മദോന്മത്തനായ സതീഷിന്റെ ക്രൂരകൃത്യങ്ങൾ
അതുല്യയുടെ 30-ാം ജന്മദിനത്തിന് തൊട്ടടുത്ത ദിവസമായ ജൂലൈ 19ന് പുലർച്ചെയാണ് അതുല്യയെ ഷാർജ റോളയിലെ താമസിക്കുന്ന ഫ്ലാറ്റിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കൊല്ലം ശാസ്താംകോട്ട സ്വദേശിയും ദുബായിൽ നിർമാണ കമ്പനിയിൽ എൻജിനീയറുമായ സതീഷ് ശിവശങ്കരനെ ഷാർജ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് താൻ അതുല്യയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. മരിക്കുന്നതിന് മുൻപ് തൊട്ടടുത്തെ കെട്ടിടത്തിൽ താമസിക്കുന്ന സഹോദരി അഖിലയ്ക്ക്, ഭർത്താവ് സതീഷിൽ നിന്നേറ്റ ശാരീരിക പീഡനത്തിന്റെ തെളിവായി ഫോട്ടോകളും വിഡിയോകളും അയച്ചുകൊടുത്തിരുന്നു. മദ്യപിച്ച് മദോന്മനത്തനായി പലതും കാണിക്കുന്ന സതീഷിനെ ഈ വീഡിയോയിൽ കാണാം. കൂടാതെ, അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും സതീഷിൽ നിന്നേറ്റ പീഡനത്തിന്റെ തെളിവുകളുമുണ്ട്
ഷാർജ പൊലീസ് റിപ്പോർട്ടിൽ മരണം ആത്മഹത്യ
അതുല്യയുടെ മരണം ആത്മഹത്യയാണെന്നാണ് ഷാർജ പൊലീസ് ആദ്യം നൽകിയ റിപ്പോർട്ട്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോഴാണ് സതീഷ് ശങ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതോടെ മൊഴിയെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. അതുല്യയുടെ മരണശേഷം മാതാപിതാക്കൾ സതീഷിനെതിരെ ശാരീരികവും മാനസികവുമായ പീഡനം ആരോപിച്ച് കേസ് ഫയൽ ചെയ്തിരുന്നു. ഈ കേസിൽ പുതിയ തെളിവുകൾ ഹാജരാക്കിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
വിഡിയോ തെളിവുകൾ പുതിയതല്ലെന്നും അതിന്റെ ആധികാരികത പരിശോധിക്കാൻ ഡിജിറ്റൽ ഫോറൻസിക് പരിശോധന വേണമെന്നും സതീഷിന്റെ അഭിഭാഷകർ വാദിച്ചു. വിഡിയോയിൽ, അതുല്യയെ കുത്തിക്കൊല്ലുമെന്ന് സതീഷ് ഭീഷണിപ്പെടുത്തുന്നത് കേൾക്കാം: ഞാൻ നിന്നെ കുത്തിക്കൊന്ന് ജയിലിൽ പോകും. നിനക്ക് എന്നെ കൂടാതെ ജീവിക്കാൻ കഴിയില്ല. നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല. നീ എവിടെ പോകും? ഞാൻ നിന്നെ ഒരിക്കലും വിടില്ല. വേണമെങ്കിൽ നിന്നെ കൊല്ലാൻ ഒരാളെ ഏർപ്പാടാക്കും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ടിവരില്ല എന്ന് അയാൾ പറയുന്നത് കേൾക്കാം.
അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം കുടുംബത്തിന്റെ ആവശ്യപ്രകാരം റീ പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സതീഷ് അതുല്യയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അതുല്യയെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് സതീഷ് സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാൽ താൻ അത് ചെയ്തത് “സ്നേഹം കൊണ്ടാണ്” എന്നും ഇയാൾ അവകാശപ്പെട്ടു.