
കുവൈറ്റ് വിഷമദ്യ ദുരന്തം ; മരണം 23 ആയി, മരിച്ചവരിൽ മലയാളിയും, ചികിത്സയിൽ കഴിയുന്ന പലരുടെയും നില ഗുരുതരം
കുവൈത് വിഷമദ്യ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. മരണം 23 ആയി. ദുരന്തത്തിൽ പെട്ടവരുടെ എണ്ണം 160 ആയി. കുവൈത്ത് ആരോഗ്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചത് എല്ലാം ഏഷ്യക്കാരാണ്. ചികിത്സയിലുള്ള പലരുടെയും നില ഗുരുതരമാണ്. അടിയന്തര ഡയാലിസിസ്, ഐസിയു, വെന്റിലേറ്റർ എന്നിവ വേണ്ടി വന്നുവെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലുള്ളവരിൽ മലയാളികളുമുണ്ട്. ഇത്തരം ശീലങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വിഷ മദ്യ ദുരന്തത്തിൽ കണ്ണൂര്‍ സ്വദേശിയായ പി സച്ചിന് മരിച്ചു. 31 വയസായിരുന്നു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന സച്ചിൻ നാലു വർഷം മുൻപാണ് കുവൈത്തിലെത്തിയത്. സച്ചിന്റെ മരണം സംബന്ധിച്ച് കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുളള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തനങ്ങളിൽ സച്ചിൻ സജീവമായിരുന്നു.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് മെഥനോൾ കലർന്ന പാനീയങ്ങൾ കഴിച്ചതിന് പിന്നാലെ ദുരന്തമുണ്ടായത്. 21 പേർക്ക് കാഴ്ച നഷ്ടമാകുകയും ചെയ്തു. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയുമാണ്. അതേസമയം, കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ ചിലർ കസ്റ്റഡിയിലായതായും സൂചനയുണ്ട്. അനധികൃത മദ്യ നിർമ്മാണവും വിൽപ്പനയുമായി ബന്ധമുള്ള ഏഷ്യക്കാരായ പ്രവാസികളാണ് കസ്റ്റഡിയിലായത്. രാജ്യത്തെ അനധികൃത മദ്യനിർമ്മാണ കേന്ദ്രങ്ങൾക്കെതിരെ വിവരം ശേഖരിച്ച് നടപടി തുടങ്ങിയിരിക്കുകയാണ് കുവൈത്ത്. ഇതിന്റെ ഭാഗമായാണ് ജലീബ് അൽ ഷുയൂഖിൽ നിന്നുൾപ്പടെ പ്രവാസികളായ നടത്തിപ്പുകാർ പിടിയിലായിരിക്കുന്നത്.
Comments (0)