
Malayali who died in car accident;വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന് ഒരു കോടി രൂപയോളം നഷ്ടപരിഹാരം
Malayali who died in car accident;അബൂദബി: അബൂദബിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം രണ്ടത്താണി കല്‍പകഞ്ചേരി സ്വദേശി മുസ്തഫയുടെ കുടുംബത്തിന് 4 ലക്ഷം ദിര്‍ഹം (ഏകദേശം 95.4 ലക്ഷം രൂപ) നഷ്ടപരിഹാരം ലഭിച്ചു. യാബ് ലീഗല്‍ സര്‍വിസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി മുഖേനയാണ് തുക നേടാനായത്.

അല്‍ ബതീന്‍അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റില്‍ വച്ചാണ് 2023 ജൂലൈ ആറിന് അപകടമുണ്ടായത്. ബസില്‍ നിന്ന് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെ ഇമാറാത്തി ഓടിച്ച കാറിടിക്കുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഫാല്‍കണ്‍ ഐ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും അന്വേഷണത്തില്‍ നിന്നും വ്യക്തമായി.
അപകടത്തില്‍ ഗുരുതര പരുക്കേറ്റ മുസ്തഫ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇതേത്തുടര്‍ന്ന്, അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവര്‍ക്ക് അബൂദബി ക്രിമിനല്‍ കോടതി 20,000 ദിര്‍ഹം പിഴയും, മുസ്തഫയുടെ കുടുംബത്തിന് 2 ലക്ഷം ദിര്‍ഹം ദിയാമണി (ബ്ലഡ് മണി) നല്‍കാനും വിധിച്ചു. എന്നാല്‍, ലഭിച്ച തുക അപര്യാപ്തമാണെന്ന് കാണിച്ച് യാബ് ലീഗല്‍ സര്‍വിസസ് ദിയാമണിക്ക് പുറമെ, നഷ്ടപരിഹാരം ലഭിക്കുന്നതിനായി ഇന്‍ഷൂറന്‍സ് അതോറിറ്റിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ലീഗല്‍ ഹെയേഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ബ്രെഡ് വിന്നര്‍ സര്‍ട്ടിഫിക്കറ്റ്, ക്രിമിനല്‍ കേസ് വിധി തുടങ്ങിയ രേഖകള്‍ സമര്‍പ്പിച്ച് നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍, ദിയാ മണിക്ക് പുറമെ 2 ലക്ഷം ദിര്‍ഹം കൂടി ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. ഇതോടെ, കുടുംബത്തിന് ആകെ നാലു ലക്ഷം ദിര്‍ഹം ലഭിച്ചു. ഉമ്മയും ഭാര്യയും മകനും മകളും അടങ്ങുന്നതാണ് മുസ്തഫയുടെ കുടുംബം.
Comments (0)