HAMAS Ceasefire agreement
Posted By greeshma venugopal Posted On

ഖത്തറും ഈജിപ്തും യുഎസും നടത്തിയ ഇടപെടലുകൾ ഫലം കണ്ടു ; ​ഗാസയിൽ ​വെടിനിർത്തൽ, ഒടുവിൽ സമ്മതം മൂളി ഹമാസ്

ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ‌ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ കാലത്തിന് ശേഷമാണ് ​ഗാസയിൽ വെടിനിർത്തൽ വരുന്നത്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം ഹമാസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള 50ഓളം ബന്ദികളെ രണ്ട് ഘട്ടമായി മോചിപ്പിക്കും. ഈ സമയത്ത് സ്ഥിരമായ വെടിനിര്‍ത്തലിനെക്കുറിച്ചും ഇസ്രയേല്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. എന്നാല്‍ വിഷയത്തില്‍ ഇതുവരെ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചിട്ടില്ല.

തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാന്‍ ഹമാസ് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. കീഴടങ്ങുന്നതിനുപകരം ആയുധങ്ങള്‍ ഉപേക്ഷിക്കാനും രാജ്യാന്തര മേല്‍നോട്ടത്തില്‍ ആയുധങ്ങള്‍ സൂക്ഷിക്കാനും യുഎന്‍ മേല്‍നോട്ടത്തില്‍ ഗാസയില്‍ ഒരു അറബ് സേനയെ വിന്യസിക്കാനും ഹമാസ് സമ്മതം അറിയിച്ചിട്ടുണ്ട്.

ഈജിപ്തിന്റെയും ഖത്തറിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തലിന് ഹമാസ് സമ്മതം അറിയിച്ചിരിക്കുന്നത്. ഇതോടെ കഴിഞ്ഞ 22 മാസത്തിലേറെയായി മേഖലയില്‍ തുടരുന്ന യുദ്ധത്തിന് വിരാമമായേക്കുമെന്നാണ് സൂചന. 60 ദിവസത്തെ പ്രാരംഭ വെടിനിര്‍ത്തലാണ് കരാറിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് രണ്ടു ഘട്ടങ്ങളായി ബന്ദികളെ മോചിപ്പിക്കാനും മധ്യസ്ഥര്‍ നിര്‍ദേശിച്ചതായി ഒരു പലസ്തീന്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *